| Monday, 25th June 2018, 9:00 am

വിവാദ ചിത്രം: ലോകകപ്പിന് പിന്നാലെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലാ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പിന് ശേഷം ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഷെഷന്യ നേതാവ് റംസാന്‍ കദ്രെ്യാവിനൊപ്പം ചിത്രമെടുത്തത് വിവാദമായതോടെയാണ് സലാ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.



സ്വവര്‍ഗ്ഗാനുരാഗികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനും മനുഷ്യാവകാശ ലംഘനകള്‍ നടത്തിയതിനും വിവാദങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഷെഷന്യാ നേതാവായ റംസാന്‍ കദ്രേ്യാവ്. ഈജിപ്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സലാ ചിത്രം പകര്‍ത്തിയതിനെ സംബന്ധിച്ച് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷനും, ഫിഫക്കും പരാതി നല്‍കിയിട്ടുണ്ട്. തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന തോന്നല്‍ താരത്തെ വിരമിക്കല്‍ പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ALSO READ: തോറ്റുപോകില്ല റൊസാരിയോയുടെ പ്രിയപുത്രന്‍


എന്നാല്‍ ഈജിപ്ത് ടീം വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തെ ഈജിപ്ത് ടീമിന്റെ അത്താഴം കദ്രേ്യാവിന്റെ കൊട്ടാരത്തില്‍ വച്ചായിരുന്നു. ചടങ്ങില്‍ വച്ചാണ് സലാ കദ്രേ്യാവിനൊപ്പം വിവാദമായ ചിത്രം പകര്‍ത്തിയത്.



സലായുടെ സാന്നിധ്യം ഫുട്‌ബോളിനോട് തനിക്ക് പ്രത്യേക താല്പര്യം ഉണ്ടാക്കിയെന്നും. ലോകകപ്പിന് ശേഷം ഈജിപ്ത് ടീമിനെ ഷെഷന്യയിലെ ഫുട്‌ബോള്‍ ക്ലബായ അഖ്മത്ത് ഗ്രോസ്‌നിയുമായി സൗഹൃദ മത്സരം കളിക്കാന്‍ ക്ഷണിക്കുന്നതായും കൊദ്രേ്യാവ് പറഞ്ഞിരുന്നു.


ALSO READ: സെനഗലിനെതിരായ മത്സരത്തില്‍ ഗ്യാലറിയില്‍ വിവാദ ബാനര്‍; പോളണ്ടിന് ഫിഫയുടെ പിഴ ശിക്ഷ


ലോകകപ്പില്‍ പരിക്ക് മൂലം ആദ്യ മത്സരം കളിക്കാന്‍ സാധിക്കാതിരുന്ന സലാ റഷ്യക്കെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ റഷ്യയോടും സലാ ഇല്ലാതെ ഇറങ്ങിയ മത്സരത്തില്‍ ഉറഗ്വായോടും തോറ്റ് ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായി.

We use cookies to give you the best possible experience. Learn more