|

ഷഹീന്‍ നമ്പര്‍ വണ്‍; പ്രശംസയുമായി പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ലോകകപ്പില്‍ മിന്നും ഫോമിലാണ്. ഇപ്പോഴിതാ ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി.

ഇതിന് പിന്നാലെ ഷഹീനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍.

‘കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വിധിക്കപ്പെട്ടവന്‍. നിങ്ങളുടെ ഐ.സി.സി നമ്പര്‍ വണ്‍ റാങ്ക് ഒരു അത്ഭുതമല്ല. ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ്,’ റിസ്വാന്‍ എക്സില്‍ കുറിച്ചു.

ലോകകപ്പിലെ അസാമാന്യ ബൗളിങ് പ്രകടനമാണ് ഷഹീനെ റാങ്കിങ്ങില്‍ ഒന്നാം നമ്പറില്‍ എത്തിച്ചത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ടായിരുന്നു ഷഹീനിന്റെ മുന്നേറ്റം. ആദ്യമായാണ് ഷഹീന്‍ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഷഹീന്‍ 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം റാങ്കിങ്ങില്‍ മുന്നോട്ട് കുതിച്ചത്. 51 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റുകള്‍ സ്വന്തമാക്കാനും ഷഹീന് സാധിച്ചു. ഇതിലൂടെ മറ്റൊരു നേട്ടത്തിലേക്കും ഷഹീന്‍ നടന്നുകയറി. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ പേസര്‍ എന്ന നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്.

ലോകകപ്പില്‍ എതിരാളികളുടെ 16 വിക്കറ്റുകളാണ് ഷഹീന്‍ പിഴുതെടുത്തത്. നിലവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം ആദം സാമ്പയ്ക്കും സൗത്ത് ആഫ്രിക്കന്‍ താരം മാര്‍ക്കോ ജാന്‍സനുമൊപ്പമാണ് ഷഹീന്‍. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ 54 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ നേടിയതായിരുന്നു ഷഹീന്റെ മികച്ച പ്രകടനം.

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച പാകിസ്ഥാന്‍ പിന്നീട് നടന്ന നാലു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയുള്ള വിജയം അവരുടെ സെമി ഫൈനല്‍ സാധ്യതകള്‍ വീണ്ടും നിലനിര്‍ത്തുകയാണ്.

ന്യൂസിലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് പാകിസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍. സെമിയിലേക്ക് മുന്നേറണമെങ്കില്‍ പാകിസ്ഥാന് ജയം അനിവാര്യമാണ്.

Content Highlight: Mohammed Rizwan praises shaheen afridi is back to ICC No.1 rank.