ലോകകപ്പിന് മുമ്പ് വിരാടിന് ഞെട്ടല്‍; രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിവിട്ട് പാകിസ്ഥാന്റെ ഭാവി ഇതിഹാസം
Sports News
ലോകകപ്പിന് മുമ്പ് വിരാടിന് ഞെട്ടല്‍; രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിവിട്ട് പാകിസ്ഥാന്റെ ഭാവി ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 5:40 pm

ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ പരജായപ്പെട്ടിരുന്നു. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നില്‍ക്കെ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു. മാര്‍ക് ചാപ്മാന്റെ അര്‍ധ സെഞ്ച്വറിയാണ് ന്യൂസിലാന്‍ഡിന് അനായാസ വിജയം സമ്മാനിച്ചത്.

ഇതോടെ അഞ്ച് മത്സരങ്ങളടിങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ന്യൂസിലാന്‍ഡിനായി. പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചതോടെയാണിത്.

ഈ പരമ്പരയിലെ കഴിഞ്ഞ മത്സരത്തിനിടെ പാക് സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 3,000 റണ്‍സ് എന്ന നേട്ടമണിത്. ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത് താരവും രണ്ടാമത് പാക് താരവുമാണ് റിസ്വാന്‍.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ബാബര്‍ അസം, മാര്‍ട്ടിന്‍ ഗപ്ടില്‍, പോള്‍ സ്‌റ്റെര്‍ലിങ്, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിന് മുമ്പ് ടി-20യില്‍ 3,000 അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങള്‍.

ഇതിന് പുറമെ കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3,000 അന്താരാഷ്ട്ര ടി-20 റണ്‍സ് എന്ന നേട്ടവും റിസ്വാന്‍ സ്വന്തമാക്കി. 79ാം ഇന്നിങ്‌സിലാണ് റിസ്വാന്റെ സ്വപ്ന നേട്ടം. വിരാട് കോഹ്‌ലിയെയും ബാബര്‍ അസമിനെയും പിന്തള്ളിയാണ് താരം ഈ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ 3,000 റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – 3,000 റണ്‍സ് പൂര്‍ത്തിയാക്കാനെടുത്ത ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 79

വിരാട് കോഹ്‌ലി – ഇന്ത്യ – 81

ബാബര്‍ അസം – പാകിസ്ഥാന്‍ – 81

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 98

മാര്‍ട്ടിന്‍ ഗപ്ടില്‍ – 101

 

നിലവില്‍ 80 ഇന്നിങ്‌സില്‍ നിന്നും 49.96 ശരാശരിയിലും 127.42 എന്ന സ്‌ട്രൈക്ക് റേറ്റിലും 3,048 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് റിസ്വാന്റെ ടി-20 കരിയറിലുള്ളത്. 104* ആണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, പരമ്പരയിലെ നാലാം ഇന്നിങ്‌സിനുള്ള മുന്നൊരുക്കത്തിലാണ് പാകിസ്ഥാനും റിസ്വാനും. ഏപ്രില്‍ 25നാണ് മത്സരം അരങ്ങേറുന്നത്. ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

 

 

Content highlight: Mohammed Rizwan becomes the fastest batter to complete 3,000 T20I runs