മുഹമ്മദ് റഫിയുടെ ട്രാക്കുകള്‍ ആയിരം കൊല്ലം ഓര്‍മ്മിക്കപ്പെടും: ലത മങ്കേഷ്‌കര്‍
Daily News
മുഹമ്മദ് റഫിയുടെ ട്രാക്കുകള്‍ ആയിരം കൊല്ലം ഓര്‍മ്മിക്കപ്പെടും: ലത മങ്കേഷ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th December 2014, 1:18 pm

lata1മുംബൈ: മനസിനെ തണുപ്പിക്കുന്ന മുഹമ്മദ് റഫിയുടെ നിത്യഹരിത ട്രാക്കുകള്‍ വരാനിരിക്കുന്ന തലമുറയെയും ആനന്ദിപ്പിക്കുമെന്ന് ലതാ മങ്കേഷ്‌കര്‍. മുഹമ്മദ് റഫിയുടെ 90ാം ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിക്കുകയായിരുന്നു അവര്‍.

” ഇന്ന് മുഹമ്മദ് റഫിയുടെ 90ാം ജന്മദിനമാണ്. വരാനിരിക്കുന്ന 1000 വര്‍ഷങ്ങളിലും അദ്ദേഹത്തിന്റെ രചനകള്‍ ആളുകള്‍ ഓര്‍ക്കും, അതവരെ ആനന്ദിപ്പിക്കും.” ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

തനിക്കിഷ്ടപ്പെട്ട മുഹമ്മദ് റഫിയുടെ ഗാനങ്ങളുടെ ലിങ്കും ഗായിക ഷെയര്‍ ചെയ്തിട്ടുണ്ട്. ദേവാനന്ദ് അഭിനയിച്ച “ദില്‍ കാ ബന്‍വാര്‍ കരേ പുകാര്‍” എന്ന മുഹമ്മദ് റഫി ഗാനമാണ് ലതാ മങ്കേഷ്‌കര്‍ പോസ്റ്റു ചെയ്തത്.

1924 ഡിസംബര്‍ 24നാണ് മുഹമ്മദ് റഫി ജനിച്ചത്. 1980 ജൂലൈ 31ന് 55ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് റഫി മരിച്ചു. 35 വര്‍ഷത്തെ കരിയറില്‍ സംഭാവന ചെയ്ത 5,000 ത്തിലധികം ഗാനങ്ങള്‍ അവശേഷിപ്പിച്ചാണ് റഫി പോയത്.

ജീവിച്ചിരിക്കുന്ന സമയത്ത് പത്മശ്രീ, ദേശീയ ഫിലിം പുരസ്‌കാരം, മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

റഫി-ലതാ മങ്കേഷ്‌കര്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് യുഗ്മഗാനങ്ങള്‍ പിറന്നിരുന്നു. “കിത്‌ന പ്യാര വാദ ഹെ”, “ചാന്ദി ജവാനി മേരി ചാല്‍ മസ്താനി” തുടങ്ങിയവ ഇതിനുദാഹരണമാണ്.