നസീര്‍ ഗാമണ്‍ സൗദിയ ചെയര്‍മാന്‍ ഷെയിഖ് റഫീഖ് മുഹമ്മദിനൊപ്പം
റിയാദ്: കൊലപാതക കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന കുറ്റത്തിന് പത്തു വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുന്ന മലയാളിക്ക് ജാമ്യം. കോഴിക്കോട് നല്ലളംബസാര്‍ സ്വദേശി മുഹമ്മദ് നസീറിനാണ് ജാമ്യം ലഭിച്ചത്. പ്രവാസി വ്യവസായിയും ഗാമണ്‍ ഗ്രൂപ്പ് ഡയറക്ടറുമായ അബ്ദുല്ല ഖലാഫുല്ലാഹ് അല്‍ ഒബൈദി നല്‍കിയ ജാമ്യ അപേക്ഷയിലാണ് നസീറിനെ വിട്ടയക്കാന്‍ തീരുമാനമായത്. ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതിന് നസീറിന് വിലക്കുണ്ട്.
അനസ് ഫൈസ് അല്‍ ഷെഹ്‌രിയെന്ന സൗദി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുവായ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബദുല്‍ റഹീമിനൊപ്പം നസീറിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം.
വികലാംഗനായ അനസ് ഫൈസ് അല്‍ ഷെഹ്്‌രിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന അബ്ദുല്‍റഹീം വാക്കു തര്‍ക്കത്തിനിടെ ഇയാളെ കൊലപ്പെടുത്തുകയും തുടര്‍ന്ന് നസീറിനെ ഫോണില്‍ വിളിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുമെന്നാണ് കേസ്.
2012 ജനുവരിയില്‍ റിയാദ് ജനറല്‍ കോടതി ഒന്നാം പ്രതിയായ അബ്ദുല്‍ റഹീമിനെ വധശിക്ഷയ്ക്കും നസീറിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ നസീര്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. അബ്ദുല്‍ റഹീമിനെതിരായ കേസിലും കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.
ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ജാമ്യത്തിലിറങ്ങിയ ശേഷം നസീര്‍ പ്രതികരിച്ചു.