ചരിത്രം കുറിച്ചവന്‍ പടിയിറക്കം പ്രഖ്യാപിച്ചു; കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരുവന്‍
Sports News
ചരിത്രം കുറിച്ചവന്‍ പടിയിറക്കം പ്രഖ്യാപിച്ചു; കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരുവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th November 2024, 9:19 am

2025 ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് അഫ്ഗാന്‍ ഇതിഹാസ താരം മുഹമ്മദ് നബി. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് നബി തന്റെ ഭാവിയെ കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ നല്‍കിയത്.

‘2023 ഏകദിന ലോകകപ്പോടെ വിരമിക്കണമെന്നായിരുന്നു ഞാന്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയതോടെ ഈ ടൂര്‍ണമെന്റ് കളിക്കുന്നത് ഏറെ മികച്ചതാകുമെന്ന് എനിക്ക് തോന്നി,’ നബി പറഞ്ഞു.

ഈ വിഷയം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചിട്ടുണ്ടെന്നും ടി-20 ഫോര്‍മാറ്റില്‍ തുടരുമെന്നും നബി പറഞ്ഞു.

‘ഞാന്‍ ഇനി ഏറെ നാള്‍ കളിക്കളത്തിലുണ്ടാകില്ല. ദൈവം അനുവദിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഞാന്‍ ഏകദിനത്തോട് ഗുഡ് ബൈ പറയും,’ നബി പറഞ്ഞു.

നിലവില്‍ 39 വയസ് പ്രായമുള്ള നബിക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് 40 വയസ് പൂര്‍ത്തിയാകും.

2009 ഏപ്രില്‍ 19നാണ് നബി ഏകദിന ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. ബെനോനിയിലെ വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന ഐ.സി.സി ലോകകപ്പ് ക്വാളിഫയറില്‍ സ്‌കോട്‌ലാന്‍ഡായിരുന്നു എതിരാളികള്‍.

ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. 64 പന്തില്‍ 58 റണ്‍സ് നേടിയാണ് നബി തിളങ്ങിയത്. ആദ്യ മത്സരത്തില്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിയാനും അന്നത്തെ 24കാരന് സാധിച്ചിരുന്നു.

അന്നുതൊട്ട് ഇന്നുവരെ 167 ഏകദിനത്തില്‍ നബി അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചു.

147 ഇന്നിങ്‌സില്‍ നിന്നും 27.48 ശരാശരിയില്‍ 3,600 റണ്‍സാണ് താരം സ്വന്തമാക്കിയത്. 17 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും താരം സ്വന്തമാക്കി. 136 ആണ് ഏകദിനത്തില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

161 മത്സരത്തില്‍ അഫ്ഗാനായി പന്തെറിഞ്ഞ താരം 32.47 ശരാശരിയിലും 45.5 സ്‌ട്രൈക്ക് റേറ്റിലും 172 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. നാല് ഫോര്‍ഫറും ഒരു ഫൈഫറും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്ത താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍ 5/17 ആണ്.

ഇതിന് പുറമെ ക്രിക്കറ്റ് ചരിത്രത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത പല നേട്ടങ്ങളും അഫ്ഗാന്‍ സിംഹം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ടീമിനെതിരെ വിജയം സ്വന്തമാക്കിയ താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കം 46 ടീമുകള്‍ക്കെതിരെയാണ് നബി അഫ്ഗാനൊപ്പം ജയിച്ചുകയറിയത്.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യു.എസ്.എ. ഭൂട്ടാന്‍, മാല്‍ദീവ്സ്, ബാര്‍ബഡോസ്, ഉഗാണ്ട, ബര്‍മുഡ, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, നമീബിയ, നെതര്‍ലന്‍ഡ്‌സ്, കാനഡ, കെനിയ, ഹോങ്കോങ്, യു.എ.ഇ, സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ബഹ്റൈന്‍, മലേഷ്യ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, തായ്‌ലാന്‍ഡ്, ജപ്പാന്‍, ബഹാമസ്, ബോട്സ്വാന, ജേഴ്സി, ഫിജി, ടാന്‍സാനിയ, ഇറ്റലി, അര്‍ജന്റീന, പപ്പുവ ന്യൂ ഗിനിയ, കെയ്മന്‍ ഐലന്‍ഡ്‌സ്, ഒമാന്‍, ചൈന, സിംഗപ്പൂര്‍, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയാണ് നബി വിജയം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍.

ചാമ്പ്യന്‍സ് ട്രോഫി 2025

ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.

 

പങ്കെടുക്കുന്ന ടീമുകള്‍

ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്

 

ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

ബംഗ്ലാദേശ്

ഇന്ത്യ

ന്യൂസിലാന്‍ഡ്

പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ഓസ്‌ട്രേലിയ

ഇംഗ്ലണ്ട്

സൗത്ത് ആഫ്രിക്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് രണ്ട് വരെ

നോക്ക് ഔട്ട് മത്സരങ്ങള്‍

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

 

 

Content highlight: Mohammed Nabi says he will retire from ODIs after 2025 Champions Trophy