ഏഷ്യാ കപ്പിലെ ത്രില്ലിങ് മാച്ചില്‍ അഫ്ഗാനിസ്ഥാനെ മറികടന്നുകൊണ്ട് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോല്‍പിച്ചത്.
മത്സരത്തില്‍ ഒരുവേള അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചിരുന്നു. മുഹമ്മദ് നബിയുടെയും ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും കൂട്ടുകെട്ട് അഫ്ഗാന്‍ സിംഹങ്ങളെ വിജയത്തിലേക്കെത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ അഫ്ഗാന്‍ സൂപ്പര്‍ താരം മുഹമ്മദ് നബിക്ക് സാധിച്ചിരുന്നു. ഏകദിനത്തില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് നബി സ്വന്തമാക്കിയത്. 24 പന്തില്‍ നിന്നുമാണ് സൂപ്പര്‍ താരം അര്‍ധ സെഞ്ച്വറി നേടിയത്.
സൂപ്പര്‍ താരം മുജീബ് ഉര്‍ റഹ്മാന്റെ റെക്കോഡ് തകര്‍ത്താണ് നബി ഈ റെക്കോഡ് സ്വന്തമാക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനെതിരെയാണ് മുജീബ് ഉര്‍ റഹ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വിയറിയേണ്ടി വന്നിരുന്നു.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും നബിയെ തേടിയെത്തിയിരുന്നു. ഏഷ്യാ കപ്പില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍ നേടിയ രണ്ടാമത് താരം (മിനിമം 30 പന്ത് നേരിട്ടിരിക്കണം) എന്ന റെക്കോഡാണ് നബി സ്വന്തമാക്കിയത്.
32 പന്തില്‍ അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 65 റണ്‍സാണ് താരം നേടിയത്. 203.13 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ഏഷ്യാ കപ്പിന്റെ 2010 എഡിഷനില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ പാക് സൂപ്പര്‍ താരം ഷാഹിദ് അഫ്രിദിയുടെ പേരിലാണ് ഈ റെക്കോഡുള്ളത്. 60 പന്തില്‍ 124 റണ്‍സാണ് താരം നേടിയത്. 206.66 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചത്.
അഫ്ഗാനെതിരായ മത്സരത്തില്‍ ഒരു പന്ത് കുറവാണ് നബി നേരിട്ടിരുന്നതെങ്കില്‍ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമനാകാനും അഫ്ഗാന്‍ താരത്തിന് സാധിക്കുമായിരുന്നു.
ബാറ്റിങ്ങില്‍ മാത്രമല്ല, ലങ്കക്കെതിരെ ബൗളിങ്ങിലും നബി തിളങ്ങിയിരുന്നു. പത്ത് ഓവര്‍ പന്തറിഞ്ഞ് 35 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. 3.5 എന്ന തകര്‍പ്പന്‍ എക്കോണമിയാണ് നബിക്കുണ്ടായിരുന്നത്. മറ്റ് അഫ്ഗാന്‍ ബൗളര്‍മാര്‍ക്കെല്ലാം ആറിന് മുകളിലായിരുന്നു എക്കോമിയുണ്ടായിരുന്നത്.
ഈ തോല്‍വിക്ക് പിന്നാലെ ഏഷ്യാ കപ്പില്‍ നിന്നും പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അഫ്ഗാന്‍ മടങ്ങുന്നത്.
ഐ.സി.സി ലോകകപ്പിന് മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളാണ് അഫ്ഗാന്‍ ഇനി കളിക്കുക. സെപ്റ്റംബര്‍ 29ന് സൗത്ത് ആഫ്രിക്കക്കെതിരെയും ഒക്ടോബര്‍ മൂന്നിന് ശ്രീലങ്കക്കെതിരെയുമാണ് അഫ്ഗാന്റെ വാം അപ് മാച്ചുകള്‍.
ഒക്ടോബര്‍ ഏഴിനാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
Content Highlight: Mohammed Nabi hits 24 ball 50 against Sri Lanka