കെയ്‌റോ : ഈജിപ്തിലെ പുതിയ പ്രസിഡന്റായി മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുര്‍സി തിരഞ്ഞെടുക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കു ശേഷം ഈജിപ്തില്‍ നടന്ന ജനാധിപത്യവോട്ടെടുപ്പില്‍ 51.73 ശതമാനം വോട്ടുനേടിയാണ് മുര്‍സി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി തലവനാണ് മുഹമ്മദ് മുര്‍സി.
എതിര്‍ സ്ഥാനാര്‍ത്ഥിയും മുബാറക്ക് ഭരണകൂടത്തിലെ അവസാന പ്രധാനമന്ത്രിയുമായ അഹമ്മദ് ഷഫീഖ് 48.27 ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊത്തം 51.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു.
ഏറെ നാടകീയ രംഗങ്ങള്‍ക്കിടയിലൂടെ കടന്നുപോയ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് 500 ഓളം പരാതികളാണ് ലഭിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലം ഒരാഴ്ച്ച വൈകിയതും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ പിരിച്ചുവിട്ട സുപ്രീം കോടതി സൈനിക ഭരണകൂടത്തിന്റെ അധികാരങ്ങള്‍ നിലനിര്‍ത്തിയതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പട്ടാളഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് മുര്‍സിയെ പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ ജനം ആഘോഷത്തോടെ പിരിയുകയായിരുന്നു.
എന്നാല്‍ വര്‍ഗ്ഗീയ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡിന് അധികാരം ലഭിക്കുന്നത് ഈജിപ്തിന്റെ മതേതര നിലപാടിന് ആഘാതമേല്‍പ്പിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. തീവ്രനിലപാടുകളിലേക്ക് രാജ്യത്തെ നയിക്കില്ലെന്ന് വ്യക്തമാക്കിയ മുര്‍സി ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരെ കൂടി ഭരണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് പറയുന്നത്.