തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ച ഘാന താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന് സഹതാരം മുഹമ്മദ് കുഡുസ് ആദരമര്‍പ്പിച്ചതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയത്തിലൊന്ന്. അയാക്‌സ് – സ്പാര്‍ട്ട റോട്ടര്‍ഡാം മത്സരത്തിനിടെയായിരുന്നു കുഡുസ് അറ്റ്‌സുവിന് ആദരമര്‍പ്പിച്ചത്.
ഗോള്‍ നേടിയ ശേഷം ജേഴ്‌സി ഉയര്‍ത്തി ഉള്ളില്‍ ധരിച്ച വസ്ത്രത്തിലെ സന്ദേശം കാണിച്ചായിരുന്നു താരം അറ്റ്‌സുവിന് ആദരമര്‍പ്പിച്ചത്. ആര്‍.ഐ.പി അറ്റ്‌സു എന്ന സന്ദേശം കുഡുസ് പ്രദര്‍ശിപ്പിച്ചതോടെ മറ്റ് താരങ്ങളും അവനോടൊപ്പം ചേര്‍ന്നു.
ഫുട്‌ബോളില്‍ ജേഴ്‌സി ഉയര്‍ത്തുന്നതോ അഴിക്കുന്നതോ യെല്ലോ കാര്‍ഡ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഇത്തവണ അതിന് മുതിരാതെ റഫറി പോള്‍ വാന്‍ ബോകലും ആ ദുഃഖത്തില്‍ പങ്കുചേരുകയായിരുന്നു.
ഇതിന് പിന്നാലെ റഫറി കുഡുസിനടുത്തേക്ക് വരികയും ആശ്വസിപ്പിക്കുകയും ചെയ്തു.
‘നമുക്ക് ഫുട്‌ബോളില്‍ ഇതിനെതിരെ നിയമമുണ്ട്. എന്നാല്‍ ഇത് ഫുട്‌ബോളിനും അപ്പുറമാണ് എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. നമ്മള്‍ സംസാരിക്കുന്നത് ജീവിതത്തെയും മരണത്തെയും കുറിച്ചാണ് എന്ന കാര്യം റഫറി മനസിലാക്കി. ഇതില്‍ എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്, കൂടുതല്‍ ബഹുമാനം തോന്നുന്നു,’ എന്നായിരുന്നു കുഡുസിന്റെ പ്രതികരണം.
അതേസമയം, മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് അയാക്‌സ് വിജയിച്ചിരുന്നു. അയാക്‌സിനായി ദുസാന്‍ ടാഡിക് ഇരട്ട ഗോളും കെന്നറ്റ് ടെയ്‌ലര്‍, മുഹമ്മദ് കുഡുസ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
മത്സരത്തിന്റെ ആറാം മിനിട്ടിലായിരുന്നു അയാക്‌സിന്റെ ആദ്യ ഗോള്‍ പിറന്നത്. ടാഡിക്കായിരുന്നു ഗോള്‍ നേടിയത്. 27ാം മിനിട്ടില്‍ കെന്നറ്റ് ടെയ്‌ലറിലൂടെ അയാക്‌സ് ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയുടെ 19ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ടാഡിക് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. നിശ്ചിത സമയത്തിന് ആറ് മിനിട്ട് ബാക്കി നില്‍ക്കെ ഫ്രീ കിക്കിലൂടെയായിരുന്നു കുഡുസ് ഗോള്‍ നേടിയത്.
ഈ മത്സരത്തിലെ വിജയത്തോടെ എറെഡിവിസി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് അയാക്‌സ്. 22 മത്സരത്തില്‍ നിന്നും 13 ജയവും ഏഴ് സമനിലയും രണ്ട് തോല്‍വിയുമായി 46 പോയിന്റാണ് അയാക്‌സിനുള്ളത്.