ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെ ശ്രീലങ്കന്‍ വെറ്ററന്‍ ഔള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസിനെതിരെ ടൈംഡ് ഔട്ട് അപ്പീല്‍ നടത്തുകയും പുറത്താക്കുകയും ചെയ്ത ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്.
ഇത് തീര്‍ത്തും നാണക്കേടാണെന്നും ഷാകിബിന്റെ ഭാഗത്ത് നിന്നും ഇത്തരം മോശം പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും കൈഫ് പറഞ്ഞു.
‘ഇത് തീര്‍ത്തും നാണക്കേടാണ്. തീര്‍ത്തും സങ്കടകരമായി സംഭവമാണിത്. നോ, നോ, നോ! ഇത് നിയമപുസ്തകത്തിലുണ്ടെന്ന് എനിക്കറിയാവുന്ന കാര്യമാണ്, പക്ഷേ ഷാകിബ് അല്‍ ഹസന്‍ ചെയ്തത് തീര്‍ത്തും മോശമായ പ്രവൃത്തിയാണ്,’ കൈഫ് പറഞ്ഞു.
വഖാര്‍ യൂനിസും റസല്‍ അര്‍ണോള്‍ഡും അടക്കമുള്ള മുന്‍താരങ്ങളും ഈ പുറത്താകലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മാത്യൂസിന്റെ ഹെല്‍മെറ്റിലെ കേടുപാടുകള്‍ കാരണമാണ് താരത്തിന് കൃത്യസമയത്ത് ആദ്യ പന്ത് സ്വീകരിക്കാന്‍ സാധിക്കാതെ വന്നത്. തന്റെ ഹെല്‍മെറ്റ് മാത്യൂസ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരെ കാണിക്കുകയും തന്റെ വാദം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാദേശ് അപ്പീലില്‍ ഉറച്ചുനിന്നതോടെ ലങ്കന്‍ താരം പുറത്താവുകയായിരുന്നു.
Dramatic scenes in Delhi with Angelo Mathews becoming the first batter to be timed out in international cricket 👀
ഒറ്റ പന്ത് പോലും നേരിടാതെ, ക്രീസിലെത്താന്‍ പോലും സാധിക്കാതെ മാത്യൂസ് പുറത്താവുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം ടൈംഡ് ഔട്ടിലൂടെ പുറത്താകുന്നത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 279 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ ഇന്നിങ്‌സാണ് ലങ്കക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 105 പന്തില്‍ 108 റണ്‍സാണ് അസലങ്ക നേടിയത്.
പാതും നിസംഗ (36 പന്തില്‍ 41), സധീര സമരവിക്രമ (42 പന്തില്‍ 41), ധനഞ്ജയ ഡി സില്‍വ (36 പന്തില്‍ 34) എന്നിവരാണ് ലങ്കയുടെ മറ്റ് റണ്‍ഗെറ്റേഴ്‌സ്.
ബംഗ്ലാദേശിനായി തന്‍സിദ് ഹസന്‍ സാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോരിഫുള്‍ ഇസ്‌ലാമും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം നേടി. ദുഷ്മന്ത ചമീര റണ്‍ ഔട്ടായപ്പോള്‍ മെഹ്ദി ഹസനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് പത്ത് ഓവറില്‍ 57 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ തന്‍സിദ് ഹസന്റെയും 22 പന്തില്‍ 23 റണ്‍സടിച്ച ലിട്ടണ്‍ ദാസിന്റെ വിക്കറ്റുമാണ് ബംഗ്ലാദേശിന് നഷ്ടമായത്.