കളിക്കുന്നത് ഒന്നോ രണ്ടോ മത്സരം, പക്ഷേ വിരാടിനെ എങ്ങനെ പുറത്താക്കണമെന്ന് അവന് പോലും കൃത്യമായി അറിയാം; തുറന്നടിച്ച് കൈഫ്
Sports News
കളിക്കുന്നത് ഒന്നോ രണ്ടോ മത്സരം, പക്ഷേ വിരാടിനെ എങ്ങനെ പുറത്താക്കണമെന്ന് അവന് പോലും കൃത്യമായി അറിയാം; തുറന്നടിച്ച് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th December 2024, 3:21 pm

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ തെറ്റില്‍ നിന്നും പഠിക്കണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. മത്സരത്തില്‍ വിരാട് കോഹ്‌ലിയെ തന്നെ ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുമെന്നും അദ്ദേഹത്തെ എങ്ങനെ പുറത്താക്കണമെന്ന് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും കൈഫ് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ടീമില്‍ കൃത്യമായ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കാത്ത സ്‌കോട്ട് ബോളണ്ടിന് പോലും വിരാടിനെ പുറത്താക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്നും കൈഫ് പറഞ്ഞു. ട്രാവിസ് ഹെഡ് അടക്കമുള്ള ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഇന്ത്യയും സമാനമായ തന്ത്രങ്ങള്‍ മെനയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിരാടിന്റെ ദൗര്‍ബല്യം എന്താണെന്ന് ബൗളര്‍മാര്‍ക്ക് കൃത്യമായി അറിയാം. ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് വിരാടിന്റെ വിക്കറ്റെടുക്കുക എന്നതാണ് അത്. സ്‌കോട് ബോളണ്ട് വര്‍ഷത്തില്‍ രണ്ടോ മൂന്നോ മത്സരം മാത്രമാണ് കളിക്കുന്നത്, എന്നാല്‍ അവന് പോലും വിരാടിന്റെ താളം തെറ്റിക്കേണ്ടത് എങ്ങനെയെന്ന് അറിയാം. പന്ത് എഡ്ജ് ചെയ്ത് വിക്കറ്റിന് പിന്നില്‍ ക്യാച്ചായി മാറും.

എന്തുകൊണ്ട് ട്രാവിസ് ഹെഡിനെ പോലുള്ള ബാറ്റര്‍മാരുടെ ദൗര്‍ബല്യത്തെ കൃത്യമായ പ്ലാനിങ്ങോടെ ലക്ഷ്യം വെക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. എന്തുകൊണ്ട് ഷോര്‍ട്ട് ബോളുകളിലൂടെ അവനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്നില്ല? എല്ലാ ബാറ്റര്‍മാര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. എന്തുകൊണ്ട് നമുക്ക് ട്രാവിസ് ഹെഡിനെതിരെ കൃത്യമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല,’ കൈഫ് പറഞ്ഞു.

കൈഫിന്റെ വിലയിരുത്തലുകള്‍ ശരിവെക്കുന്ന തരത്തിലാണ് വിരാട് അഡ്‌ലെയ്ഡിലും പുറത്തായത്. കരിയറില്‍ 42ാം തവണയാണ് വിരാട് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായത്.

അതേസമയം, വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്‍ വിന്‍ഡീസ് സൂപ്പര്‍ താരം ആന്‍ഡി റോബര്‍ട്‌സും അഭിപ്രായപ്പെട്ടിരുന്നു.

മിഡ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഡ്‌ലെയ്ഡിലെ പരാജയത്തിന് പിന്നാലെ ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന് എനിക്ക് അറിയില്ല, പക്ഷേ നിങ്ങള്‍ ബാറ്റിങ് ശരിയാക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങളുടെ പ്രധാന ബാറ്റര്‍ റണ്‍സ് നേടാന്‍ പാടുപെടുകയാണ്. അവന്‍ ക്രിക്കറ്റിന്റെ ലോങ്ങര്‍ ഫോര്‍മാറ്റില്‍ ശ്രദ്ധ പതിപ്പിക്കണം.

ലോങ്ങര്‍ ഫോര്‍മാറ്റിലേക്ക് നിങ്ങള്‍ പൂര്‍ണമായും ഫോക്കസ് ചെയ്യുകയാണെങ്കില്‍ റണ്‍സ് കണ്ടെത്താനും പടുകൂറ്റന്‍ സ്‌കോറുകള്‍ പടുത്തുയര്‍ത്താനും സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് ഒരുപോലെയല്ല. ടീമിന്റെ പ്രധാന ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്,’ റോബര്‍ട്സ് പറഞ്ഞു.

ഈ നിരീക്ഷണം ശരിവെക്കുന്ന പ്രകടനമാണ് 2020 മുതല്‍ വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പ്രൈം വിരാട് വല്ലപ്പോഴും വന്നുപോകുന്നതൊഴിച്ചാല്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം ആരാധകരെ ഒട്ടും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.

2020 മുതല്‍ 36 മത്സരത്തില്‍ നിന്നും 64 ഇന്നിങ്സുകള്‍ കളിച്ച വിരാട് 32.14 എന്ന ശരാശരിയില്‍ 1,961 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലും വിരാട് അമ്പേ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരത്തില്‍ നിന്നും വെറും 93 റണ്‍സാണ് മോഡേണ്‍ ഡേ ഗ്രേറ്റസ്റ്റിന് സ്വന്തമാക്കാന്‍ സാധിച്ചത്.

 

Content Highlight: Mohammed Kaif highlights Virat Kohli’s weakness