icc world cup
സ്പിന്നര്‍ക്കെങ്ങനെയാണ് വൈഡ് എറിയാന്‍ സാധിക്കുക? എല്ലാം പ്ലാനിങ്ങായിരുന്നു; ആഞ്ഞടിച്ച് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 20, 03:10 pm
Friday, 20th October 2023, 8:40 pm

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. വിരാടിന്റെ ബാറ്റിങ് കാണുന്നത് തന്നെ വളരെ ആസ്വാദ്യകരമായിരുന്നുവെന്നും ഈ സെഞ്ച്വറി നേട്ടം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും കൈഫ് പറഞ്ഞു.

97 പന്തില്‍ പുറത്താകാതെ 103 റണ്‍സ് നേടിയാണ് വിരാട് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. സിക്‌സറടിച്ചുകൊണ്ടാണ് വിരാട് തന്റെ സെഞ്ച്വറിയും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കിയത്.

വിരാട് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത് തടയാന്‍ മനപ്പൂര്‍വം വൈഡ് എറിഞ്ഞ നാസും അഹമ്മദിനെ കുറിച്ചും കൈഫ് സംസാരിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ കമന്ററിക്കിടെയയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

 

‘അവന്റെ ബാറ്റിങ് കാണുന്നത് തന്നെ ഏറെ ആസ്വാദ്യകരമാണ്. സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ അവസാന പന്തുകളില്‍ വിരാട് സിംഗിള്‍ നേടിക്കൊണ്ടിരുന്നു. അവിടെയും അവന്റെ ബുദ്ധിപരമായ നീക്കമാണ് കാണാന്‍ സാധിക്കുന്നത്.

അവന്‍ സെഞ്ച്വറിയടിക്കാതിരിക്കാന്‍ ഒരു വൈഡ് മനപ്പൂര്‍വം എറിഞ്ഞിരുന്നു. അത് ബൗളറുടെ പ്ലാന്‍ തന്നെയായിരുന്നു. ഒരു സ്പിന്നര്‍ എങ്ങനെയാണ് വൈഡ് എറിയുക,’ കൈഫ് ചോദിച്ചു.

‘എന്റെ ജീവിതത്തിലൊരിക്കലും ആ സെഞ്ച്വറി എനിക്ക് മറക്കാന്‍ സാധിക്കില്ല. കാരണം അവന്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ 169 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അധികം റണ്‍സൊന്നും ബാക്കിയില്ലായിരുന്നു, ആ സാഹചര്യത്തില്‍ ഒരു സെഞ്ച്വറി നേടാന്‍ ഒരിക്കലും സാധിക്കില്ലായിരുന്നു. പക്ഷേ അവന്‍ പുറത്താകാതെ 103 റണ്‍സ് നേടി,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും വിരാടിനെ തേടിയെത്തിയിരുന്നു.

 

ഇതിന് പുറമെ 26,000 അന്താരാഷ്ട്ര റണ്‍സ് എന്ന നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. ലങ്കന്‍ ലെജന്‍ഡ് മഹേല ജയവര്‍ധനയെ മറികടന്നുകൊണ്ടാണ് വിരാട് പട്ടികയില്‍ മുമ്പോട്ട് കുതിച്ചത്. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം എന്ന റെക്കോഡും ഇതോടെ വിരാട് സ്വന്തമാക്കി.

 

CONTENT HIGHLIGHT: Mohammed Kaif about Virat Kohli’s century against Bangladesh