| Thursday, 9th January 2025, 7:54 am

പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്; ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ബുംറ യോഗ്യനല്ല, പകരം ആ രണ്ട് ബാറ്റര്‍മാര്‍: കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ബുംറയ്ക്ക് ക്യാപ്റ്റന്‍സി നല്‍കരുതെന്നും മറ്റേതെങ്കിലും ബാറ്റര്‍മാരെ ആ ചുമതലയേല്‍പിക്കണമെന്നും കൈഫ് പറഞ്ഞു.

ക്യാപ്റ്റന്‍സിയുടെ അധിക ചുമതല ജസ്പ്രീത് ബുംറയില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്ന് പറഞ്ഞ കൈഫ് കെ.എല്‍. രാഹുലിനെയോ റിഷബ് പന്തിനെയോ ക്യാപ്റ്റനാക്കണമെന്നും അഭിപ്രായപ്പെട്ടു.

‘ജസ്പ്രീത് ബുംറയെ ഒരു കാരണവശാലും ഇന്ത്യയുടെ ക്യാപ്റ്റനാക്കരുത്, അവന്‍ അതിന് യോജിച്ച വ്യക്തിയല്ല. കാരണം തന്റെ നൂറ് ശതമാനവും കളത്തില്‍ നല്‍കുന്ന ഏക ബൗളറാണ് ബുംറ, വര്‍ക്ക് ലോഡ് കാരണം അവന്‍ ഇതിനോടകം തന്നെ വലിയ സമ്മര്‍ദത്തിലാണ്. ഒരുപാട് ഓവറുകള്‍ എറിയേണ്ടിവരുന്നതുകൊണ്ട് അവന് പരിക്കേല്‍ക്കുകയാണ്. ഇതേ കാരണം കൊണ്ട് ഇതാദ്യമായല്ല പുറത്താകുന്നത്,’ കൈഫ് പറഞ്ഞതായി ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ബുംറ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുന്നതിനോട് എനിക്ക് യോജിപ്പില്ല. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയാല്‍ കെ.എല്‍. രാഹുലിനെയോ റിഷബ് പന്തിനെയോ ക്യാപ്റ്റനായി കാണാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. ഇരുവരും ഐ.പി.എല്ലില്‍ ടീമുകളെ നയിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ വന്നാല്‍ അത് നന്നാകും,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമമായ എക്‌സിലെഴുതിയ കുറിപ്പിലും കൈഫ് ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചിരുന്നു.

ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ബി.സി.സി.ഐ രണ്ട് വട്ടം ആലോചിക്കണമെന്നാണ് കൈഫ് ആവശ്യപ്പെടുന്നത്. പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും മാത്രമായിരിക്കണം ബുംറയുടെ പൂര്‍ണ ശ്രദ്ധയെന്നും കൈഫ് പറഞ്ഞു.

ക്യാപ്റ്റന്‍സിയുടെ അധിക ചുമതലകള്‍ മറ്റൊരു തരത്തില്‍ അവന്റെ കരിയറിന് ഭീഷണിയാകുമെന്നും ‘ഗോള്‍ഡന്‍ ഗൂസിനെ’ കൊല്ലരുതെന്നും കൈഫ് ആവശ്യപ്പെടുന്നു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ മൂന്ന് മത്സരങ്ങളിലാണ് ബുംറ ഇന്ത്യയെ നയിച്ചത്. 2022ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ അവസാന ടെസ്റ്റില്‍ ബുംറയാണ് ഇന്ത്യയെ നയിച്ചത്. ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ടില്‍ ഇന്ത്യ പരാജയപ്പെടുകയും അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിലാവുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം ട്രോഫിയുമായി ജസ്പ്രീത് ബുംറ

ശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിന്നും രോഹിത് ശര്‍മ വിട്ടുനിന്നപ്പോഴും മോശം ഫോമിന്റെ പേരില്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറി നിന്നപ്പോഴും ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം

പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുംറയ്ക്ക് കീഴില്‍ ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ പരാജയമായിരുന്നു ക്യാപ്റ്റന്‍ ബുംറയ്ക്ക് വിധിച്ചത്.

Content Highlight: Mohammed Kaif about Jasprit Bumrah’s captaincy 

We use cookies to give you the best possible experience. Learn more