ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ മുഹമ്മദ് ഹബീബ് അന്തരിച്ചു
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് സിന്‍ഡ്രോം അസുഖ ബാധിതനായിരുന്നു. ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്റെ അന്ത്യം.
1965-76 കാലഘട്ടത്തില്‍ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യന്‍ ഗെയിംസില്‍ സയ്യിദ് നയീമുദ്ദീന്റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്ന ഹബീബ് ‘ഇന്ത്യന്‍ പെലെ ‘എന്നാണ് അറിയപ്പെട്ടിരുന്നത്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമിനെതിരെ മോഹന്‍ ബഗാന്‍ മത്സരിച്ചപ്പോള്‍ ഹബീബ് സ്‌കോര്‍ ചെയ്തിരുന്നു. അന്ന് പെലെയില്‍ നിന്ന് നേരിട്ട് പ്രശംസ ഏറ്റുവാങ്ങാനും ഹബീബിന് സാധിച്ചു.
ദേശീയ ജേഴ്‌സിയില്‍ കളിച്ച 35 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. തെലങ്കാന സ്വദേശിയായ ഹബീബ് സന്തോഷ് ട്രോഫിയില്‍ ബെംഗാളിനായാണ് കളിച്ചത്. 1969ല്‍ സന്തോഷ് ട്രോഫി നേടിയ ബെംഗാള്‍ ടീമില്‍ അംഗമായിരുന്ന ഹബീബ് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 11 ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി.
1967ല്‍ ക്വാലലംപൂരില്‍ നടന്ന മെര്‍ദേക്ക കപ്പില്‍ തായ്‌ലിന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച ഹബീബ് 1970ല്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ബ്ലൂ ടൈഗേഴ്‌സിന്റെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കൊല്‍ക്കത്ത ഫുട്‌ബോളില്‍ ഈസ്റ്റ് ബെംഗാളിനുവേണ്ടി ഐ.എഫ്.എ ഷീല്‍ഡും, ഫെഡറേഷന്‍ കപ്പും നേടിയിട്ടുള്ള ഹബീബ് മോഹന്‍ ബഗാന്‍ കുപ്പായത്തിലും ഫെഡറേഷന്‍ കപ്പ് നേടിയിട്ടുണ്ട്. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിന്റെ മുന്‍ പരിശീലകനുമായിരുന്നു ഹബീബ്.
ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ വളര്‍ച്ചയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഹബീബ്. ഹാല്‍ദിയയിലെ ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകനായിരുന്നു. 1980ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ഹബീബിനെ ആദരിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ ഭാരത് ഗൗരവ് പുരസ്‌കാരം, ബംഗ ബിഭൂഷണ്‍ പുരസ്‌കാരം എന്നിവ നേടി.
Content Highlights: Mohammed Habeeb Passes away