മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചു
World News
മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th September 2022, 8:26 am

റിയാദ്: സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നടപടി. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സല്‍മാന്‍.

ഖാലിദ് ബിന്‍ സല്‍മാനാണ് പുതിയ പ്രതിരോധമന്ത്രി. യൂസഫ് ബിന്ഡ അബ്ദുള്ള അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയെയും നിയമിച്ചു. മറ്റ് മന്ത്രിമാരില്‍ മാറ്റങ്ങളില്ല. മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും ഇനി നടക്കുകയെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2017ലായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്. സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നേരത്തെ രാജാവിന്റെ ഔദ്യോഗിക ചുമതലകള്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏല്‍പ്പിച്ചിരുന്നു.

രാജ്യം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികളെയും വിദേശരാജ്യങ്ങളിലെ നേതാക്കളെയും സ്വീകരിക്കുന്നതും പ്രസിഡന്‍ഷ്യല്‍ മീറ്റിങ്ങുകളിലും പ്രാദേശിക ഉച്ചകോടികളിലും പങ്കെടുക്കുന്നതുമടക്കമുള്ള കാര്യങ്ങളില്‍ സല്‍മാന്‍ രാജാവിന് പകരം എം.ബി.എസാണ് നിലവില്‍ പങ്കെടുക്കുന്നത്.

2021 ഡിസംബര്‍ ആദ്യവാരം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയതും, ജി.സി.സി ഉച്ചകോടിക്ക് നേതൃത്വം നല്‍കിയതും അതിന് മുന്നോടിയായി ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നു.

അതേസമയം, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊതുചടങ്ങുകളില്‍ വളരെ അപൂര്‍വമായി മാത്രമാണ് 86കാരനായ സല്‍മാന്‍ രാജാവ് പ്രത്യക്ഷപ്പെടുന്നത്.