| Monday, 30th September 2019, 10:33 am

ഇന്ധന വില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരും; മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍.

ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയത്. ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും സല്‍മാന്‍ പറഞ്ഞു.

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ലോക രാജ്യങ്ങള്‍ ഭീഷണിയാകുന്ന രീതിയിലുള്ള ഇന്ധനവിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം.

ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്തത്ര വലിയ നിരക്കിലേക്ക് ഉയരുകയും ചെയ്യുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ സി.ബി.എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നാലെ രൂക്ഷമായിരുന്നു.

ആക്രമണങ്ങളില്‍ പങ്കില്ലെന്ന് പറഞ്ഞ് ഇറാന്‍ രംഗത്തെത്തുകയും ആക്രമണത്തിന് പിന്നില്‍ യെമന്‍ ഹൂതി വിമതര്‍ ആണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്റേതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടുമായി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാനും സൗദിയും തമ്മില്‍ ഒരു യുദ്ധമുണ്ടാകുന്നതിനോട് യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നടന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി.

”ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജി.ഡി.പിയുടെ 4 ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഈ മൂന്ന് കാര്യങ്ങളും അവസാനിക്കുന്നുവെന്ന് കരുതുക. അത് ബാധിക്കുക സൗദി അറേബ്യയെയോ മിഡില്‍ ഈസ്റ്റിനെയോ മാത്രമല്ല. ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് തന്നെ ഇത് കാരണമാകും- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more