വാഷിംഗ്ടണ്‍: മരണത്തിന് മാത്രമേ തന്നെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
32കാരനായ മുഹമ്മദ് ബിന്‍ സല്‍മാന് 50 വര്‍ഷം കൂടി അധികാരത്തിലിരിക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിനാണ് മരണത്തിന് മാത്രമേ തടുക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ മറുപടി നല്‍കിയത്.
“ഒരാള്‍ എത്രകാലം ജീവിക്കുമെന്നത് ദൈവത്തിന് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. 50 വര്‍ഷം ജീവിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, കാര്യങ്ങള്‍ സാധാരണഗതിയിലാണ് പോകുന്നതെങ്കില്‍ അതാണ് പ്രതീക്ഷിക്കേണ്ടത്.”
വ്യക്തി ജീവിതം തന്റെ സ്വന്തം കാര്യമാണ്. സ്വകാര്യ ചിലവുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഞാനൊരു പണക്കാരനാണ് പാവപ്പെട്ടവനല്ല. ഞാന്‍ ഗാന്ധിജിയോ മണ്ഡേലയോ അല്ല. സൗദി രൂപീകരിക്കുന്നതിനും മുമ്പ് നിലനില്‍ക്കുന്ന രാജകുടുംബത്തിലെ അംഗമാണ് ഞാന്‍. വളരെയധികം ഭൂമി ഞങ്ങളുടെ പേരിലുണ്ട്. പത്തോ ഇരുപതോ വര്‍ഷം മുമ്പും എന്റെ സ്വകാര്യ ജീവിതം ഇതുപോലെയായിരുന്നു. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ചാരിറ്റിക്കായി ചിലവഴിക്കുന്നുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വില കൂടിയ ഭവനമെന്ന് ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ച ഫ്രാന്‍സിലെ ചാറ്റിയു ലൂയിസ് 14 കൊട്ടാരം മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെനേതൃത്വത്തില്‍ അഴിമതി വിരുദ്ധ നീക്കം നടക്കുന്നതിനിയിലായിരുന്നു ഈ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നത്.
സൗദിയില്‍ അഴിമതി വിരുദ്ധ നീക്കങ്ങളുടെ പേരില്‍ നടത്തിയ നടപടികളെയും മുഹമ്മദ് ബിന്‍ സല്‍മാന്‍ ന്യായീകരിച്ചു. തീര്‍ത്തും അത്യാവശ്യമായ ഘട്ടത്തിലാണ് സര്‍ക്കാരിന്റെ നടപടിയെന്നും നടപടികളെല്ലാം നിയമാനുസൃതമായിരുന്നെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.