| Tuesday, 6th August 2024, 8:17 pm

വിരാടിനേക്കാളും മികച്ച താരം അവനാണ്; വമ്പന്‍ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ താരം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തിലെ മൂന്നാമത്തെയും അവസാന മത്സരം നാളെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിനാണ് ലങ്കയോട് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി നേടി രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് സാഹിദ്. വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച താരമാണ് രോഹിത് എന്നും അന്താരാഷ്ട്ര തലത്തില്‍ തന്നെ രോഹിത്താണ് മികച്ച താരമെന്നും സാഹിദ് പറഞ്ഞു.

‘വിരാട് കോഹ്‌ലിയെക്കാള്‍ മികച്ചത് രോഹിത് ശര്‍മയാണ്. വിരാട് വ്യത്യസ്തനാണെന്ന് എനിക്കറിയാം, എന്നാല്‍ രോഹിത് അവന്റേയും മുകളിലാണ്. എന്നെ സംബന്ധിച്ചിടത്തോളം രോഹിതാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍. ഇന്‍സമാം ഉള്‍ ഹഖിനെപ്പോലുള്ള പേസര്‍മാര്‍ക്കെതിരെ അദ്ദേഹം അദ്ദേഹം ഒരു ഭയവുമില്ലാതെയാണ് കളിക്കുന്നത്,’ സാഹിദ് പറഞ്ഞു.

2024 ടി-20 ലോകകപ്പിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അപരാജിതമായ കുതിപ്പ് നടത്തി ഇന്ത്യ ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ചൂടുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി രണ്ടാമത്തെ താരവും രോഹിത്തായിരുന്നു.

മാത്രമല്ല 2023 ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് രോഹിത് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്. നിലവില്‍ 256 ഏകദിന ഇന്നിങ്‌സില്‍ നിന്നും 10831 റണ്‍സാണ് രോഹിത് നേടിയത്. ടി-20യിലെ 151 ഇന്നിങ്‌സില്‍ നിന്ന് 4231 റണ്‍സും നേടിയായിരുന്നു ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlight: Mohammad Zahid Praises Rohit Sharma

We use cookies to give you the best possible experience. Learn more