Advertisement
Kerala News
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 09, 09:37 am
Saturday, 9th April 2022, 3:07 pm

കണ്ണൂര്‍: കാശ്മീരില്‍ നിന്നുള്ള സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.

രാവിലെ സമ്മേളനത്തിന്റെ ഭാഗമായ അദ്ദേഹത്തിന് ഉച്ചയോട് കൂടിയാണ് ശാരീരിക തളര്‍ച്ചയുണ്ടായത്. ഇതേതുടര്‍ന്ന് സമ്മേളന നഗരിയായ നായനാര്‍ നഗരില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷുഗര്‍ ലെവല്‍ ഉയര്‍ന്നതാണ് ആരോഗ്യ പ്രശനത്തിനിടയാക്കിയതെന്നാണ് വിവരം. എന്നാല്‍ തരിഗാമിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

ജമ്മു കാശ്മീരിലെ സി.പി.ഐ.എമ്മിന്റെ പ്രമുഖ നേതാവാണ് മുഹമ്മദ് യൂസഫ് തരിഗാമി. 1996, 2002, 2008, 2014 വര്‍ഷങ്ങളില്‍ അദ്ദേഹം കുല്‍ഗാം നിയോജക മണ്ഡലത്തില്‍ നന്നും വിജയിച്ച് എം.എല്‍.എയായിട്ടുണ്ട്.

പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കാശ്മീര്‍ താഴ്വര ശാന്തമായെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും മുഹമ്മദ് യൂസഫ് തരിഗാമി പാര്‍ട്ടി കോണ്‍ഗ്രസിനിടെ ആരോപിച്ചിരുന്നു.

‘നീതി നിഷേധിക്കപ്പെട്ട ജനതയാണ് കാശ്മീരികള്‍. സബ്കാ സാത് സബ്കാ വികാസ് എന്നാണ് 2014ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മോദി പറഞ്ഞത്. എന്നാല്‍, കാശ്മീരിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വീട്ടുതടങ്കലിനിടെ കോടതി ഉത്തരവുപ്രകാരം ചികിത്സയ്ക്കായി ദല്‍ഹിയില്‍ എത്തിയ ഘട്ടത്തില്‍ ഞാന്‍ പറഞ്ഞിരുന്നു.

കശ്മീര്‍ ജനതയെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് 370 റദ്ദാക്കപ്പെട്ടതോടെ മുറിഞ്ഞുപോയത്. നിയമസഭ ഇല്ലാത്ത ഘട്ടത്തിലായിരുന്നു നടപടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയിട്ടും ബോധപൂര്‍വം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയില്ല. രാഷ്ട്രീയമായ വേട്ടയാടലാണവിടെ നടക്കുന്നത്,’ തരിഗാമി പറഞ്ഞു.