| Sunday, 1st September 2024, 9:48 am

പാകിസ്ഥാന്‍ ടീമിലെ ചില കളിക്കാര്‍ ക്യാന്‍സര്‍ പോലെയാണ്; തുറന്ന് പറഞ്ഞ് മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതേത്തുടര്‍ന്ന് കനത്ത വിമര്‍ശനങ്ങളാണ് ടീമിന് അഭിമുഖീകരിക്കേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം മികച്ച പ്രകടനം നടത്തിയിട്ടില്ലായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ താരം 22 റണ്‍സ് നേടിയാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍സിനും ബാബര്‍ പുറത്തായിരുന്നു.

ഇപ്പോള്‍ ബാബര്‍ അസമിന്റെ സ്വഭാവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബാബര്‍ വളരെ ധാര്‍ഷ്ട്യമുള്ളയാളായിരുന്നുവെന്നും മാറ്റങ്ങള്‍ അംഗീകരിക്കാത്ത ആളാണെന്നുമാണ് വസീം പറഞ്ഞത്.

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

‘മാറ്റങ്ങള്‍ നല്ലതാണെന്ന് അവന്‍ മനസിലാക്കില്ല. അവന്‍ വളരെ ധാര്‍ഷ്ട്യമുള്ളവനായിരുന്നു, ഞാന്‍ എന്റെ ലിമിറ്റേഷന്‍ പോലും മറന്ന് ചില കാര്യങ്ങള്‍ അവനോട് പറയും. എന്നാല്‍ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല,’സമ ടിവിയില്‍ മുഹമ്മദ് വസീം പറഞ്ഞു.

മാത്രമല്ല പാകിസ്ഥാന്റെ നാല് പരിശീലകരും പറഞ്ഞത് ടീമില്‍ ക്യാന്‍സര്‍ പോലെയുള്ള ചില
കളിക്കാരുണ്ടെന്നും അവരുണ്ടെങ്കില്‍ പാകിസ്ഥാന് വിജയിക്കാന്‍ സാധിക്കില്ലെന്നും മുന്‍ താരം പറഞ്ഞു.

‘ഞാന്‍ പേരുകള്‍ പറയുന്നില്ല, പക്ഷേ ഒരു കൂട്ടം കളിക്കാര്‍ ടീമിന് ക്യാന്‍സറാണെന്ന് നാല് പരിശീലകര്‍ പറഞ്ഞു. അവര്‍ ടീമിലുണ്ടെങ്കില്‍ പാകിസ്ഥാന് ജയിക്കാനാവില്ല. ഞാന്‍ അവരെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ടീം മാനേജ്‌മെന്റ് അവരെ തിരിച്ചുവിളിച്ചു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വമ്പന്‍ പ്രശ്നങ്ങളാണ് ഉടലെടുത്തത്. പാകിസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ ഷാന്‍ മസൂദും സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മില്‍ ഡ്രസിങ് റൂമില്‍ പരസ്പരം വഴക്കുണ്ടാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മുഫാദ്ല്‍ പരോഡിയുടെ എക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരും തമ്മില്‍ ഫിസിക്കല്‍ ഫൈറ്റ് നടന്നെന്നും മുഹമ്മദ് റിസ്വാന്‍ തടയാന്‍ ശ്രമിച്ചിട്ടും രണ്ട് പേരും പരസ്പരം അടിക്കുകയായിരുന്നു.

Content Highlight: Mohammad Wasim Talking about Pakistan Player

We use cookies to give you the best possible experience. Learn more