ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊളംബോയില്‍ തുടങ്ങിയിരിക്കുകയാണ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ടി-20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
സ്പിന്നിനും പേസിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലുമടങ്ങുന്ന സ്പിന്‍ തന്ത്രവും അര്‍ഷ്ദീപ് സിങ്ങും സിറാജുമുള്ള പേസ് നിരയുമാണ് ഇന്ത്യയ്ക്ക് ഉള്ളത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കാലങ്ങള്‍ക്ക് ശേഷം കെ.എല്‍. രാഹുല്‍ കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
2023 ഏകദിന ലോകകപ്പിന് ശേഷം സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയാണ് രാഹുല്‍ അവസാനമായി കളിച്ചത്. ഇലവനില്‍ നിന്ന് പന്തിനെ ഒഴുവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പത്ര സമ്മേളനത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഒരാളെ തെരെഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു.
നിലവില്‍ മത്സരം തുടങ്ങി നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സാണ് ലങ്ക നേടിയത്. ഏഴ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ പുറത്താക്കിയത് സിറാജാണ്. അര്‍ഷ്ദിപ് സിങ്ങിന് ക്യാച്ച് കൊടുത്താണ് അവിഷ്‌ക മടങ്ങിയത്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സതീര സമരവിക്രമ, ചരിത് അസലങ്ക(ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലഗെ, അഖില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്
Content Highlight: Mohammad Siraj Take First Wicket Against Sri Lanka