|

രണ്ട് വിക്കറ്റിനിടയിലെ ദൂരം ഒരു മാസം; വീണ്ടും ചെണ്ടയാവാനൊരുങ്ങി സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ കിരീടത്തിലേക്ക് ഒരടി കൂടി വെച്ചത്. 2008 മുതല്‍ സ്വപ്‌നം കാണുന്ന കന്നിക്കിരീടം ലക്ഷ്യമിട്ടറങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് എന്തിനും പോന്നവര്‍ തന്നെയാണ്.

ഫൈനലിന്റെ അരികിലേക്കെത്തിനില്‍ക്കുമ്പോഴും റോയല്‍ ചാലഞ്ചേഴ്‌സിനെ കാര്യമായി അലട്ടുന്നത് സൂപ്പര്‍ താരങ്ങളുടെ ഫോമില്ലായ്മയാണ്. കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതടക്കം ആര്‍.സി.ബിയെ അലട്ടുന്നുണ്ട്.

ഇവര്‍ക്കൊപ്പം തന്നെ ചേര്‍ത്തുവെക്കേണ്ട പേരാണ് ബെംഗളൂരുവിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റേതും. കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ ഒരു വിക്കറ്റിന് 41 റണ്‍സാണ് താരം വിട്ടുനല്‍കിയത്.

സൂപ്പര്‍ ജയന്റ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി സിറാജ് ആര്‍.സി.ബിക്ക് അപ്പര്‍ഹാന്‍ഡ് നല്‍കിയെങ്കിലും തുടര്‍ന്നങ്ങോട്ട് അടി വാങ്ങിക്കൂട്ടുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിന്നും വിക്കറ്റ് നേടിയതോടെ ഒരു മാസം നീണ്ട വിക്കറ്റ് വരള്‍ച്ചയ്ക്കാണ് താരം വിരാമമിട്ടത്. ഇതിന് മുമ്പ് ഏപ്രില്‍ 26നായിരുന്നു താരം അവസാനം വിക്കറ്റ് നേടിയത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സിറാജ് ഇതിന് മുമ്പ് അവസാനമായി വിക്കറ്റ് നേടിയത്. 30 റണ്‍ വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് സിറാജ് ആ മത്സരത്തില്‍ നേടിയത്.

ഏഴ് കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് നിലനിര്‍ത്തിയ താരമായിരുന്നു സിറാജ്. എന്നാല്‍ തന്റെ മുന്‍കാല പ്രകടനങ്ങളോട് നീതിപുലര്‍ത്താന്‍ താരത്തിനാവാതെ പോയി.

എല്ലാ മത്സരത്തിലും എതിര്‍ ടീമിന് റണ്‍സ് വാരിക്കോരി കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ‘ചെണ്ട സിറാജ്’ എന്ന പഴയ പേരും ആരാധകര്‍ പൊടി തട്ടിയെടുത്തിരിക്കുകയാണ്.

ഈ സീസണില്‍ ശരാശരിയിലും താഴെ നില്‍ക്കുന്ന പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. പ്ലേ ഓഫിന് മുമ്പേയുള്ള 13 മത്സരത്തില്‍ നിന്നും 8 വിക്കറ്റ് മാത്രമാണ് സിറാജ് നേടിയത്.

ഹര്‍ഷല്‍ പട്ടേല്‍, ഹേസല്‍വുഡ്, ഹസരംഗ എന്നിവരടങ്ങുന്ന ബൗളിംഗ് നിര മോശമല്ലാത്ത പ്രകടനം നടത്തുന്നതുകൊണ്ട് സിറാജിന്റെ ഫോം ഔട്ട് ആര്‍.സി.ബിയെ കാര്യമായി ബാധിച്ചിട്ടില്ല.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ താരം തിരിച്ചുവരുമെന്നും തങ്ങളുടെ സൂപ്പര്‍ സിറാജിന്റെ മടങ്ങിവരവ് കാണാനാവുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Mohammad Siraj picks up a wicket after a gap of one month