ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പിന് പിന്നാലെയാണ് താരത്തിന്റെ റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുണ്ടായത്.
694 റേറ്റിങ് പോയിന്റുമായാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജോഷ് ഹെയ്‌സല്‍വുഡിനെക്കാള്‍ 16 റേറ്റിങ് പോയിന്റാണ് സിറാജിന് അധികമുള്ളത്.
ഓരോ മത്സരം കഴിയുമ്പോഴും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അടിവരയിടുന്ന പ്രകടനമാണ് സിറാജ് പുറത്തെടുക്കുന്നത്. ഏഷ്യാ കപ്പിന്റെ ഫൈനല്‍ അതിന് ഉത്തമ ഉദാഹരണമാണ്.
ഏഷ്യാ കപ്പിലെ ഫൈനല്‍ മത്സരമാണ് സിറാജിന് റാങ്കിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ സഹായിച്ചത്. കേവലം 21 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഫൈനലിന്റെ താരമായത്. ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു സിറാജ്. എന്നാല്‍ ഫൈനലിന് ശേഷം ഒറ്റയടിക്ക് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ഒന്നാമതെത്തിയത്.
ഫൈനലില്‍ തന്റെ സ്‌പെല്ലിലെ ആദ്യ ഓവര്‍ മെയ്ഡനാക്കിയ സിറാജ് രണ്ടാം ഓവറിലാണ് വിക്കറ്റ് വീഴ്ത്തി തുടങ്ങിയത്. പാതും നിസങ്കയായിരുന്നു സിറാജിന്റെ ആദ്യ ഇര. ഓവറിലെ മൂന്നാം പന്തില്‍ സധീര സമരവിക്രമയെ സില്‍വര്‍ ഡക്കായി മടക്കിയ സിറാജ് ചരിത് അസലങ്കയെ ഗോള്‍ഡന്‍ ഡക്കായും മടക്കി. ഓവറിലെ അവസാന പന്തില്‍ ധനഞ്ജയ ഡി സില്‍വയും കൂടാരം കയറി.
തന്റെ മൂന്നാം ഓവറിലെ നാലാം പന്തില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയെ പൂജ്യത്തിന് പുറത്താക്കിയ സിറാജ് 16ാം പന്തില്‍ ഫൈഫറും പൂര്‍ത്തിയാക്കി. ഏകദിനത്തിലെ വേഗതയേറിയ ഫൈഫര്‍ എന്ന ജോയിന്റ് റെക്കോഡിനൊപ്പമെത്താനും സിറാജിനായി. ലങ്കന്‍ ലെജന്‍ഡ് ചാമിന്ദ വാസാണ് സിറാജിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്. ഏകദിനത്തിലെ താരത്തിന്റെ ആദ്യ ഫൈഫര്‍ നേട്ടം കൂടിയായിരുന്നു ഇത്.
മത്സരത്തില്‍ പ്രമോദ് മധുഷാനെയും പുറത്താക്കി സിറാജ് ആറ് വിക്കറ്റ് നേട്ടം തന്റെ പേരിലാക്കി.
2023 സെപ്റ്റംബര്‍ 20ന് ഐ.സി.സി റാങ്ക് പട്ടിക അപ്‌ഡേറ്റ് ചെയ്തതിന് പിന്നാലെയാണ് സിറാജ് ഒന്നാമനായത്. ഇതിന് കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2022 സെപ്റ്റംബര്‍ 20ന് താരം 72ാം റാങ്കിലായിരുന്നു.
ഈ വര്‍ഷമാദ്യമാണ് സിറാജ് ആദ്യമായി ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് പിന്നാലെയാണ് 736 റേറ്റിങ്ങോടെ താരം ഒന്നാമതെത്തിയത്.
വരാനിരിക്കുന്ന ലോകകപ്പിലും സിറാജിന്റെ ഫോം തന്നെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. സിറാജിനൊപ്പം ബുംറയും ചേരുന്നതോടെ ഇന്ത്യന്‍ പേസ് നിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.
Content highlight: Mohammad Siraj made a leap in the ICC rankings