| Saturday, 9th January 2021, 5:15 pm

മൂന്നാം ടെസ്റ്റിനിടെ ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപവുമായി കാണികള്‍; ഐ.സി.സിയ്ക്ക് പരാതി നല്‍കി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ആസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമെതിരെയാണ് സിഡ്‌നിയിലെ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്.

സംഭവത്തില്‍ ഇന്ത്യന്‍ ടീം ഐ.സി.സിയ്ക്ക് പരാതി നല്‍കി. ഇന്ത്യയുടെ പരാതിയില്‍ ഐ.സി.സി അന്വേഷണം ആരംഭിച്ചു.

വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐ.സി.സിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സി.ഐ പ്രതികരിച്ചു.

പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയാവേണ്ട ബ്രിസ്‌ബേനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ ടീം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് പുതിയ വിവാദം.

ബ്രിസ്‌ബേനിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീമംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം സിഡ്‌നി ടെസ്റ്റിന് ശേഷം ഇന്ത്യ നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം മൂന്നാം ടെസ്റ്റില്‍ ആസ്‌ട്രേലിയ ഇന്ത്യക്കെതിരെ 94 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. എട്ട് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയക്കിപ്പോള്‍ 197 റണ്‍സിന്റെ ആകെ ലീഡുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohammad Siraj, Jasprit Bumrah Racially Abused at the SCG; India Lodge Official Complaint

We use cookies to give you the best possible experience. Learn more