| Friday, 2nd August 2024, 5:05 pm

ഇടിമിന്നല്‍ സിറാജിന്റെ പവര്‍പ്ലേ മാജിക്; 2023ന് ശേഷം ഇവന്‍ തന്നെ ഒന്നാമത്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊളംബോയില്‍ തുടങ്ങിയിരിക്കുകയാണ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് ലങ്ക നേടിയത്.

ഏഴ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത് മുഹമ്മദ് സിറാജാണ്. അര്‍ഷ്ദിപ് സിങ്ങിന് ക്യാച്ച് കൊടുത്താണ് അവിഷ്‌ക മടങ്ങിയത്. രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് സിറാജ് ലങ്കന്‍ താരത്തെ പറഞ്ഞയച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2023ന് ശേഷം അന്താരാഷ്ട്ര ഏകദിനത്തില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് സിറാജിന് സാധിച്ചത്.

2023ന് ശേഷം അന്താരാഷ്ട്ര ഏകദിനത്തില്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

മുഹമ്മദ് സിറാജ് – 24*

ദില്‍ശന്‍ മധുശങ്ക – 22

മാര്‍ക്കോ യാന്‍സന്‍ – 17

ജുനൈദ് സിദ്ദിഖ് – 16

ലഹിരു കുമാര – 16

സ്പിന്നിനും പേസിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലുമടങ്ങുന്ന സ്പിന്‍ തന്ത്രവും അര്‍ഷ്ദീപ് സിങ്ങും സിറാജുമുള്ള പേസ് നിരയുമാണ് ഇന്ത്യയ്ക്ക് ഉള്ളത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കാലങ്ങള്‍ക്ക് ശേഷം കെ.എല്‍. രാഹുല്‍ കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സതീര സമരവിക്രമ, ചരിത് അസലങ്ക(ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലഗെ, അഖില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്‌

Content Highlight: Mohammad Siraj In Record Achievement In ODI

We use cookies to give you the best possible experience. Learn more