കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍.ആസ്.എസ് സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രംവെച്ചതില്‍ ഐ.എന്‍.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്
പാര്‍ട്ടി നടപടി.
സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ സവര്‍ക്കറെ പോലുള്ളവരുടെ ചിത്രങ്ങളാണ് വരുന്നതെന്നും സംഭവം അച്ചടി പിശകായിരുന്നുവെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
അക്ഷരാഭ്യാസമില്ലാത്ത ഒരു സാധാരണ പ്രവര്‍ത്തകന്റെ ഭാഗത്ത്നിന്നുമുണ്ടായ ഉത്തരവാദിത്തരഹിതമായ സംഭവമാണെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. മീഡിയവണ്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിത്രം സി.പി.ഐ.എമ്മാണ് പ്രചരിപ്പിക്കുന്നതെന്നും പൈസകൊടുത്ത് അടിച്ച ഫ്‌ളക്‌സായതുകൊണ്ടാണ് അത് മാറ്റാതെ പകരം ഗാന്ധിയുടെ ചിത്രം വെച്ചതെന്നും ഷിയാസ് പറഞ്ഞു.
നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് നേരത്തെ സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചിരുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം.
സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ പങ്കുവെച്ചുകൊണ്ട് ‘സങ്കി ഏതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടി വരുന്ന ലീഗുകാരേ ഇത് സത്യമാണെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതാണു ഇനി ടാസ്‌ക്’ എന്നാണ് പി.വി. അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.