ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേടി മുഹമ്മദ് ഷമി ചരിത്രപരമായ നേട്ടത്തിലെത്തി. 16 വർഷത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിനത്തിൽ അഞ്ച് വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന നേട്ടമാണ് ഷമി കൈവരിച്ചത്.
2007ൽ ഇന്ത്യൻ പേസർ സഹീർ ഖാൻ ആയിരുന്നു അവസാനമായി ഈ നേട്ടത്തിലെത്തിയത്. 2007ൽ ശ്രീലങ്കക്കെതിരെയായിരുന്നു സഹീറിന്റ നേട്ടം. 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയായിരുന്നു സഹീർഖാന്റെ മിന്നും പ്രകടനം. ഈ റെക്കോഡാണ് 16 വർഷങ്ങൾക്കിപ്പുറം ഷമി മറികടന്നത്.
മുഹമ്മദ് ഷമിക്കും സഹീർ ഖാനും മുമ്പ് 1999ൽ നിഖിൽ ചോപ്രയും സുനിൽ ജോഷിയുമാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഈ നേട്ടം കൈവരിച്ചത്.
ഓസ്ട്രേലിയക്കെതിരെ പത്ത് ഓവറിൽ ഒരു മെയ്ഡൻ ഓവർ അടക്കം 51 റൺസ് വിട്ടുകൊടുത്താണ് ഷമി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. മിച്ചൽ മാർഷിനെ പുറത്താക്കികൊണ്ടാണ് താരം വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോണിസ്, മാത്യു ഷോർട്ട്, സീൻ അബട്ട് എന്നിവരെയും പവലിയനിലേക്ക് മടക്കികൊണ്ട് അഞ്ച് വിക്കറ്റുകൾ നേടുകയായിരുന്നു. ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ 37 വിക്കറ്റുകളാണ് താരത്തിന്റ പേരിലുള്ളത്.
ഏകദിനത്തിലെ ഷമിയുടെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇംഗ്ലണ്ടിനെതിരെ 69 റൺസ് വിട്ട് നൽകികൊണ്ടാണ് താരം ഇതിനുമുമ്പ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഫോർ പ്ലസ് വിക്കറ്റ് നേടിയ രണ്ടാമത്തെ താരവും ഷമിയാണ്.
ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ 2013ൽ അരങ്ങേറിയ ഷമി 93 ഏകദിന മത്സരങ്ങളിൽ നിന്നും 170 വിക്കറ്റുകൾ ആണ് നേടിയിട്ടുള്ളത്. 5.56 ആണ് താരത്തിന്റെ ഇക്കോണമി.
മൊഹാലിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് ഷമിയുടെ ബൗളിങ് മികവിൽ ഓസ്ട്രേലിയയെ 276 റൺസിന് പുറത്താക്കുകയായിരുന്നു. ഡേവിഡ് വാർണർ 53 പന്തിൽ 52 റൺസ് നേടിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.4 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. യുവതാരങ്ങളായ ശുഭ്മൻ ഗിൽ 63 പന്തിൽ 74 റൺസും ഋതുരാജ് ഗൈക്വാദ് 77 പന്തിൽ 71 റൺസും നേടി മികച്ച തുടക്കം നൽകി. ഇവർക്കൊപ്പം കെ.എൽ രാഹുൽ 63 പന്തിൽ 58 റൺസും സൂര്യകുമാർ യാദവ് 49 പന്തിൽ 50 റൺസും നേടി ഇന്ത്യ അഞ്ച് വിക്കറ്റുകൾക്ക് ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.
സെപ്റ്റംബർ 24ന് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടാം മത്സരം നടക്കും.
Content highlight: Mohammad Shami took five wickets against Australia and created a new record.