| Tuesday, 6th February 2024, 5:09 pm

ഇന്ത്യന്‍ ആരാധകര്‍ ഫാസ്റ്റ് ബൗളര്‍മാരെ പ്രശംസിക്കുന്നതിനേക്കാള്‍ വലിയൊരു സന്തോഷം ഇല്ല: മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി അടുത്തിടെ ന്യൂസ് 18 ഇന്ത്യയുടെ ‘ചൗപ’ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. 2023ലെ ഐ.സി.സി ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഷമി. ലോകകപ്പിലെ പ്രകടനത്തിന് താരത്തിന് ലഭിച്ച അംഗീകാരങ്ങള്‍ അതിനെ വ്യക്തമാക്കുന്നുണ്ട്. ഒട്ടനവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയതും.

2013-2014 സമയത്ത് ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് തുടങ്ങിയ കളിക്കാര്‍ അടിത്തറ ഇട്ട ഇന്ത്യന്‍ അക്രമണത്തിന് ഇപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയ ഭാവി താരങ്ങള്‍ വരെ എത്തി നില്‍ക്കുകയാണ്. അന്താരാഷ്ട്ര വേദിയില്‍, പ്രത്യേകിച്ച് സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ വിജയവും ഷമി അഭിമാനത്തോടെ എടുത്തുപറഞ്ഞു.

‘കഴിഞ്ഞ 6-8 വര്‍ഷത്തെ റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തം മണ്ണില്‍ ഏത് എതിരാളിയേയും ആത്മവിശ്വാസത്തോടെ നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഇത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു, ടീമിനുള്ളില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഞങ്ങളെ അനുവദിച്ചു, 2024 വരെ ഇത് തുടര്‍ന്നു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്ങിനെ ആരാധിച്ചവര്‍ ഇപ്പോള്‍ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ഇതിലും വലിയ സന്തോഷം മറ്റൊന്നില്ല,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് 255 റണ്‍സിലെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടിയാണ് ത്രീ ലയേണ്‍സ് തലകുനിച്ചത്. ജസ്പ്രീത് ബുംറയുടെ മിന്നും പ്രകടനത്തിലാണ് രണ്ട് ഇന്നിങ്‌സിലും ഇന്ത്യ വിജയം അനായാസമാക്കിയത്.

Content Highlight: Mohammad Shami Talks About Indian Fast Bowlers

We use cookies to give you the best possible experience. Learn more