| Friday, 25th October 2024, 9:48 am

നിങ്ങള്‍ വിക്കറ്റ് വീഴ്ത്താന്‍ തുടങ്ങിയാല്‍ ആര്‍ക്കും നിങ്ങളെ തടുക്കാന്‍ കഴിയില്ല; ഇന്ത്യന്‍ താരത്തെക്കുറിച്ച് മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മഹാരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി.

‘സിറാജ് അനുഭവപരിചയമുള്ള താരമാണ്, പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ നടക്കുന്നില്ല. അയാള്‍ക്ക് വിക്കറ്റുകള്‍ എടുക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ബാറ്റര്‍മാര്‍ പുറത്താകുന്നില്ല, ക്യാച്ചുകള്‍ പോലും ഉപേക്ഷിക്കപ്പെടുന്നു. നിരാശപ്പെടേണ്ട ആവശ്യമില്ല, കാരണം ഈ ഘട്ടങ്ങളെല്ലാം ഗെയ്മിന്റെ ഭാഗമാണ്.

അവന്‍ അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ ബൗള്‍ ചെയ്യാന്‍ ഒരു സ്ഥലം തെരഞ്ഞെടുക്കുകയും വേണം. നിങ്ങള്‍ വിക്കറ്റ് വീഴ്ത്തി തുടങ്ങിയാല്‍ ആര്‍ക്കും നിങ്ങളെ തടയാന്‍ കഴിയില്ല,’ മുഹമ്മദ് ഷമി പറഞ്ഞു.

നിലവില്‍ ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിവസം ബാറ്റിങ് അവസാനിപ്പിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാള്‍ ആറ് റണ്‍സും ശുഭ്മന്‍ ഗില്‍ 10 റണ്‍സും നേടി ക്രീസിലുണ്ട്.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കിവീസ് പേസര്‍ ടിം സൗത്തി തുടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ ഒമ്പത് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ഹിറ്റ്മാന്‍ മടങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 11 ഫോര്‍ അടക്കം 76 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തിന് പുറമെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 65 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും കളിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ് 23.1 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറമെ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുകളും നേടി.

Content Highlight: Mohammad Shami Talking About Mohammad Siraj

We use cookies to give you the best possible experience. Learn more