| Monday, 16th September 2024, 9:18 am

എന്റെ ഫിറ്റ്‌നസ് തെളിയിക്കാന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ഞാന്‍ തയ്യാറാണ്: മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ മിന്നും പ്രകടനമായിരുന്നു കാഴച്ചവെച്ചത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൂപ്പര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി മികച്ച ബൗളിങ് പ്രകടനമായിരുന്നു പുറത്തെടുത്തത്. ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്നു താരം.

എന്നാല്‍ ലോകകപ്പില്‍ കണങ്കാലിനേറ്റ പരിക്ക് കാരണം ചികിത്സയിലായിരുന്നു താരം. നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഷമി. ഇതോടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ തന്റെ പരിക്കിനേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

‘ഞാന്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല, 100 ശതമാനം ഫിറ്റായാല്‍ മാത്രമേ ക്രിക്കറ്റ് കളിക്കൂ. വീണ്ടും അസ്വസ്ഥതകള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എത്രത്തോളം ശക്തനാകുന്നുവോ അത്രത്തോളം അത് എനിക്ക് നല്ലതാണ്. ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവരോട് ഞങ്ങള്‍ക്ക് കളിക്കാനുണ്ട്. എന്നാല്‍ പരിക്കില്‍ റിസ്‌ക് എടുക്കാന്‍ എനിക്ക് കഴിയില്ല. എന്റെ ഫിറ്റ്‌നസ് തെളിയിക്കാന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ഞാന്‍ തയ്യാറാണ്,’ ഷമി പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ളഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

Content Highlight: Mohammad Shami Talking About His Injury

We use cookies to give you the best possible experience. Learn more