പ്ലെയിങ്ങ് ഇലവനില്‍ നിന്ന് ഇടക്കിടെ മാറുന്ന റൊട്ടേഷന്‍ സിസ്റ്റം ടീമിനെ ബാധിക്കുമോ? മുഹമ്മദ് ഷമിക്ക് പറയാനുള്ളത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റൊട്ടേഷൻ സിസ്റ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പേസർ മുഹമ്മദ് ഷമി. ഇന്ത്യൻ ടീമിന്റെ റൊട്ടേഷൻ സിസ്റ്റവും സെക്കന്റ് ചോയ്‌സും ടീമിന്റെ മുന്നോട്ടുള്ള പോക്കിനെ സഹായിക്കുന്നുണ്ടെന്നാണ് ഷമി പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഈ റൊട്ടേഷൻ കളിയുടെ ഭാഗമാണെന്നറിയാം, അതിനാൽ ടീമിന്റെ ആവശ്യങ്ങൾ മനസിലാക്കേണ്ടത് പ്രധാന കാര്യമാണ്. എല്ലായ്‌പ്പോഴും ആർക്കും പ്ലേയിങ് ഇലവന്റെ ഭാഗമാവാൻ കഴിയില്ല. ടീമിൽ ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇതിൽ നിരാശപ്പെടുന്നതിൽ അർത്ഥമില്ല,’ ഷമി പറഞ്ഞു.
‘ലോകകപ്പിന് മുന്നോടിയായി കളിക്കാരുടെ അമിതഭാരം തടയാൻ ഈ റൊട്ടേഷൻ സിസ്റ്റം സഹായിക്കും. ഈ രീതി കൊണ്ട് ഇന്ത്യൻ ടീമിന് മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്’, ഷമി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രധാന ബൗളർ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതിനാലാണ് ഷമി ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ഇലവനിൽ തിരിച്ചെത്തിയത്.
മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മത്സരത്തിൽ മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോണിസ്, മാത്യു ഷോർട്ട്, സീൻ അബട്ട് എന്നിവരെ പുറത്താക്കിയാണ് ഷമി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഈ പ്രകടനത്തിലൂടെ മത്സരത്തിലെ മികച്ച താരമായി മാറാനും ഷമിക്ക് സാധിച്ചു.
മത്സരത്തിലേക്ക് വരികയാണെങ്കിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷമിയുടെ മികവിൽ ഓസ്ട്രേലിയയെ 276 റൺസിന് പുറത്താക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ശുഭ്മൻ ഗിൽ 74 റൺസും ഋതുരാജ് ഗെയ്ക്വാദ് 71 റൺസും നേടി മികച്ച തുടക്കം സമ്മാനിച്ചു. പിന്നാലെ എത്തിയ ക്യാപ്റ്റൻ കെ. എൽ രാഹുൽ 58* റൺസും സൂര്യകുമാർ യാദവ് 50 റൺസും നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.
പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.
Content Highlight: Mohammad Shami shares about the rotation system in the Indian team.