2023 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കി കൊണ്ട് ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ തുടക്കത്തില്‍ തന്നെ പുറത്താക്കി മത്സരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുഹമ്മദ് ഷമി അംറോഹയില്‍ ഒരു മാധ്യമത്തിനോട് തോല്‍വിയെ കുറിച്ച് സംസാരിച്ചിരുന്നു. പ്രതിരോധിക്കാന്‍ കൂടുതല്‍ റണ്‍സ് അനിവാര്യമായിരുന്നു എന്ന് ഷമി എടുത്തു പറഞ്ഞു.
‘ഞങ്ങള്‍ക്ക് ആവശ്യമായ റണ്‍സ് കുറവായിരുന്നു. 300 റണ്‍സ് എങ്കിലും പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ മത്സരം ലളിതമാകുമായിരുന്നു. എന്നിരുന്നാലും ഒരൊറ്റ ഘടകത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഞങ്ങളുടെ ടീമിന്റെ സ്ഥാനം വിലയിരുത്തുകയും ഒരു യൂണിറ്റായി പ്രവര്‍ത്തിക്കുകയും വേണമായിരുന്നു. ഞങ്ങള്‍ക്ക് സ്‌കോര്‍ കുറവാകാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു,’എ.എന്‍.ഐയുടെ വീഡിയോയില്‍ ഷമി പറഞ്ഞു.
മത്സരത്തില്‍ ഷമിയും ജസ്പ്രീത് ബുംറയും സൃഷ്ടിച്ച സമ്മര്‍ദം വകവയ്ക്കാതെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡും മാര്‍നസ് ലബുഷാനും മത്സരം മാറ്റി മറക്കുകയായിരുന്നു. 120 പന്തില്‍ 137 റണ്‍സ് നേടിയ ഹെഡിന്റെ ഉജ്ജ്വല പ്രകടനവും 55 റണ്‍സ് നേടി പുറത്താകാതെ നിന്ന് മാര്‍നസിന്റെ പ്രകടനവുമാണ് ഓസീസിനെ വിജയത്തിലേക്ക് എത്തിച്ചത്.
ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് മുഹമ്മദ് ഷമി നേടിയത്. തന്റെ ആക്രമണ ബൗളിങ്ങില്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമല്ല പുതിയ ചരിത്രം കുറിക്കുകയും ചെയ്ത മികച്ച ബൗളറാണ് ഷമി. ആദ്യ നാലു മത്സരങ്ങളില്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ ഹര്‍ദിക്ക് പാണ്ഡ്യക്ക് പരിക്ക് പറ്റിയതിനുശേഷമാണ് ഷമി ടീമില്‍ തിരിച്ചെത്തിയത്.
Content Highlight: Mohammad Shami said India could have won the World Cup final if they had scored 300 runs