ഇന്ത്യയുടെ മിന്നും മികച്ച പേസ് ബൗളറില്‍ ഒരാളാണ് മുഹമ്മദ് ഷമി. 2023 ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നതോടെ ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.
എന്നാല്‍ തിരിച്ചുവരവിന്റെ പാതയില്‍ താരത്തിന് വീണ്ടും പരിക്കേല്‍ക്കുകയും വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല മറ്റ് മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കനത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഷമി. തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിക്കുകയായിരുന്നു താരം.
‘എന്തുകൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികള്‍ ഉണ്ടാകുന്നത്? ഞാന്‍ കഠിനാധ്വാനം ചെയ്യുകയും തിരിച്ചുവരാന്‍ പരമാവധി ശ്രമിക്കുകയുമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ നിന്ന് ഞാന്‍ പുറത്താണെന്ന് ബി.സി.സി.ഐയോ ഞാനോ പറഞ്ഞിട്ടില്ല.
അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ദയവായി ഇത് നിര്‍ത്തുക, ഞാന്‍ നേരിട്ട് ഒന്നും പറയുന്നതല്ലാതെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്,’ അദ്ദേഹം എഴുതി.
നവംബര്‍ 22നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആരംഭമാകുന്നത്. ഓസ്‌ട്രേലിയയാണ് ഇത്തവണ പരമ്പക്ക് വേദിയാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീരിസിനുണ്ട്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം 2024
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content Highlight: Mohammad Shami React Fake News About Him