2025 ഐ.പി.എല്ലിനോടനുബന്ധിച്ച മെഗാ താരലേലം നവംബര്‍ 22ന് നടക്കാനിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ മെഗാ ഇവന്റിന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. താരലേലത്തിന് മുന്നോടിയായി മുഹമ്മദ് ഷമിയെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ സംസാരിച്ചിരുന്നു. എന്നാല്‍ സഞ്ജയ്ക്ക് മറുപടിയുമായി തന്റെ ഇന്‍സ്റ്റ ഗ്രാമില്‍ ഷമി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയേക്കാള്‍ വിലമതിക്കുന്ന താരമാകാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിക്കുമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. പരിക്ക് മൂലം ഷമിക്ക് മൂല്യം കുറയുമെന്ന് ഫ്രാഞ്ചൈസികള്‍ ആശങ്കയിലാണെന്നും മുന്‍ താരം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഹമ്മദ് ഷമി.
‘ഷമി ഒരു വലിയ കളിക്കാരനും മികച്ച ബൗളറുമാണ്, പക്ഷേ പരിക്കുകള്‍ കാരണം അദ്ദേഹത്തിന്റെ വില അല്‍പ്പം കുറയും. അദ്ദേഹം വളരെക്കാലം കളിക്കളത്തില്‍ നിന്ന് പുറത്തായിരുന്നു, ഷമിയുടെ കഴിവില്‍ ഫ്രാഞ്ചൈസികള്‍ ആശങ്കയിലാണ്,’ സഞ്ജയ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
‘ബാബകി ജെയ് ഹോ.., കുറച്ചൊക്കെ ശ്രദ്ധ സ്വന്തം ഫ്യൂച്ചറിലേക്കും ബാക്കിവെക്കു സഞ്ജയ് ജി, ആവശ്യം വരും. ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സാറിനെ സമീപിക്കുക,’ ഷമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടത്.
2023ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയ ഷമി തുടര്‍ന്ന് പരിക്കിന്റെ പിടിയിലാകുകയും 2023ലെ ഐ.പി.എല്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതോടെ 2024 ടി-20 ലോകകപ്പും താരത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
അപ്പോള്‍ തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി വമ്പന്‍ പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. വൈകാതെ താരത്തിന്റെ ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
Content Highlight: Mohammad Shami React Against Sanjay Manjrekar