ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത; പേസ് മാസ്റ്റര്‍ തിരിച്ചെത്തുന്നു!
Sports News
ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത; പേസ് മാസ്റ്റര്‍ തിരിച്ചെത്തുന്നു!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th November 2024, 1:13 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

ഇനി ഇന്ത്യയുടെ മുമ്പിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമി. 2023 ലോകകപ്പില്‍ കാലിന് പരിക്ക് പറ്റിയ ഷമി ഏറെ കാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് ഷമി.

ബുധനാഴ്ച ഇന്‍ഡോറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ മടങ്ങിവരാനാണ് ഷമി ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ ഓണററി സെക്രട്ടറി നരേഷ് ഓജ തന്റെ പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

ബോര്‍ഡര്‍ ഗവാസ്‌കറിന് വേണ്ടി തിരിച്ചെത്താന്‍ ബംഗാളിന് വേണ്ടി ആഭ്യന്തര മത്സരങ്ങള്‍ (രഞ്ജി ട്രോഫി) കളിക്കുമെന്ന് ഷമി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും മധ്യപ്രദേശിനുമെതിരെ ഷമിക്ക് കളിക്കാന്‍ കഴിയുമെന്ന് ബംഗാള്‍ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ല കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഹമ്മദ് ഷമി തിരിച്ച് വരവിന് വേണ്ടി എന്‍.സി.എയില്‍
(നാഷണല്‍ ക്രിക്കറ്റ് അക്കാദമി) കഠിനാധ്വാനത്തിലാണ്. ഇനിയും പരിക്കിന്റെ പിടിയിലായില്ലെങ്കില്‍ ഷമിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.

 

Content Highlight: Mohammad Shami Is Set To Comeback For Ranji Trophy