| Saturday, 16th December 2023, 12:49 pm

ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്റ്റില്‍ ഷമി പുറത്തായി, ദീപക് ചാഹറിനും പരമ്പര നഷ്ടമാകും

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഇന്ത്യ- സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ നിന്ന് മുഹമ്മദ് ഷമി പുറത്തായതായി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. 2023 ഏകദിന ലോകകപ്പില്‍ തന്നെ ക്ഷമിക്ക് കണങ്കാലിന് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. അതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ടെസ്റ്റ് ടീമിലേക്കുള്ള പ്രവേശനം ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കൃത്യമല്ലാത്തതിനാല്‍ പരമ്പരയില്‍ നിന്നും പുറത്താകും എന്നാണ്. വൈദ്യ പരിശോധനയില്‍ ഷമി ഫിറ്റ് അല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് പരമ്പര നഷ്ടമാകുന്നത്.

ഷമിക്ക് പുറമേ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ നഷ്ടപ്പെട്ട് പരമ്പരയില്‍ നിന്നും പേര് പിന്‍വലിച്ചതായി ദീപക് ചാഹറും അറിയിച്ചിരുന്നു. കുടുംബത്തില്‍ അടിയന്തരാവസ്ഥ കാരണമാണ് താന്‍ ഏകദിന പരമ്പരയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ചാഹര്‍ ബോര്‍ഡിനെ അറിയിച്ചു. ഇതിനാല്‍ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലും മാറ്റമുണ്ടാകും. ചാഹറിന് പകരക്കാരനായി ആകാശ് ദീപിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിന് വേണ്ടിയാണ് ആകാശ് കളിച്ചിട്ടുള്ളത്. ഏഴു മത്സരങ്ങള്‍ കളിച്ചു ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഡിസംബര്‍ 2022ല്‍ ബംഗ്ലാദേശിനെതിരെയാണ് ദീപക് അവസാനമായി ഏകദിന മത്സരത്തില്‍ കളിച്ചത്. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയുമായി ഏറ്റുമുട്ടുന്നതില്‍ നിന്ന് പിന്മാറിയത് താരത്തിന് തിരിച്ചടിയായിരിക്കും.

മുഹമ്മദ് ഷമി ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായത് ഇന്ത്യന്‍ ടീമിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഓപ്പണിങ് ബൗളിങ്ങില്‍ ഷമിയുടെ മികച്ച സീമും സ്വിങ്ങും ഇന്ത്യക്ക് നഷ്ടമാകും. ആക്രമണ ബൗളിങ്ങില്‍ പേര് കേട്ട ഷമിക്ക് പകരക്കാരനെ തീരുമാനിച്ചിട്ടില്ല. 229 ടെസ്റ്റ് വിക്കറ്റുകള്‍ ആണ് ഷമി ഇതുവരെ നേടിയിട്ടുള്ളത്. 2023 ഏകദിന ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ ആണ് ഷമി നേടിയത്.

Content Highlight: Mohammad Shami is out in the Test Against South Africa

Latest Stories

We use cookies to give you the best possible experience. Learn more