| Tuesday, 5th November 2024, 8:21 am

ഷമിക്ക് തിരിച്ചടികളുടെ കാലം; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നേ വീണ്ടും പണി കിട്ടിയോ?

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

ഇനി ഇന്ത്യയുടെ മുമ്പിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ശക്തമായി തിരിച്ചെത്താനാഗ്രഹിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് ഇപ്പോള്‍ വീണ്ടും തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. 2023 ലോകകപ്പില്‍ കാലിന് പരിക്ക് പറ്റിയ ഷമി ഏറെ കാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ബോര്‍ഡര്‍ ഗവാസ്‌കറിന് വേണ്ടി തിരിച്ചെത്താന്‍ ബംഗാളിന് വേണ്ടി ആഭ്യന്തര മത്സരങ്ങള്‍ (രഞ്ജി ട്രോഫി) കളിക്കുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍ ഷമിക്ക് ഇടം നേടാന്‍ സാധിച്ചില്ല. ഇത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ താരം കളിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ണാടകയ്ക്കും മധ്യപ്രദേശിനുമെതിരെ ഷമിക്ക് കളിക്കാന്‍ കഴിയുമെന്ന് ബംഗാള്‍ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ല കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ബംഗാള്‍ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ല സംസാരിക്കുകയും ചെയ്തിരുന്നു.

ബംഗാള്‍ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞത്

‘അദ്ദേഹം ഇന്ത്യയുടെ പ്രധാന കളിക്കാരനാണ്, ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണ്. രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഷമി അടുത്തിടെ പറഞ്ഞിരുന്നു. ബംഗാളിനായി മികച്ച പ്രകടനം ഓസീസിനെതിരെ സഹായിക്കും. ഞങ്ങളുടെ നാല് മികച്ച കളിക്കാര്‍ ഇന്ത്യയ്ക്കും ഇന്ത്യ എയ്ക്കും വേണ്ടി കളിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും,’ ശുക്ല പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഹമ്മദ് ഷമി തിരിച്ച് വരവിന് വേണ്ടി കഠിനാധ്വാനത്തിലാണ്. എന്നാല്‍ പരിശീലനത്തില്‍ വീണ്ടും താരത്തിന് പരിക്ക് പറ്റിയതിനാല്‍ താരം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് മാധ്യമങ്ങളെ ഷമി വിമര്‍ശിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഷമിയുടെ കാര്യത്തില്‍ ആശങ്ക അറിയിച്ചിരുന്നു. ഇപ്പോള്‍ ബംഗാളിന് വേണ്ടി താരം കളിക്കുമോ എന്നത് വരെ ചോദ്യ ചിഹ്നത്തിലാണ്.

2024-25 രഞ്ജി ട്രോഫിയുടെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീം

അനുസ്തുപ് മജുംദാര്‍, വൃദ്ധിമാന്‍ സാഹ, സുദീപ് ചാറ്റര്‍ജി, സുദീപ് കെ.ആര്‍. ഘരാമി, ഷഹബാസ് അഹമ്മദ്, റിത്തിക്ക് ചാറ്റര്‍ജി, അവിലിന്‍ ഘോഷ്, ഷുവം ദേയ്, ഷാക്കിര്‍ ഹബീബ് ഗാന്ധി, പ്രതീപ്ത പ്രമാണിക്, ആമിര്‍ ഗനി, ഇഷാന്‍ പോരല്‍, സൂരജ് സിന്ധു ജെയ്സ്വാള്‍, എം.ഡി. കൈഫ്, രോഹിത് കുമാര്‍, റിഷവ് വിവേക്

Content Highlight: Mohammad Shami In Big Setback Ahead of Border Gavasker

We use cookies to give you the best possible experience. Learn more