രഞ്ജി ട്രോഫിയില്‍ ബംഗാളും മധ്യപ്രദേശും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹോള്‍ക്കാര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് 51.2 ഓവറില്‍ 228 റണ്‍സിന് ബംഗാള്‍ തകരുകയായിരുന്നു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് 167 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. മധ്യപ്രദേശിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ്. ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന ഷമിയുടെ ഗംഭീര പ്രകടനത്തിനായിരുന്നു ആരാധകര്‍ സാക്ഷ്യം വഹിച്ചത്. നാല് മെയ്ഡന്‍ അടക്കം 54 വിക്കറ്റുകള്‍ വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
2023 ഏകദിനലോകകപ്പില്‍ പരിക്കിന്റെ പിടിയിലായ താരം ശസ്ത്രക്രിയ്ക്ക് ശേഷം കഠിനാധ്വാനം ചെയ്താണ് തിരിച്ചെത്തിയത്. കിവീസിനെതിരെ ഹോമില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിരുന്നു. ഇനി ഇന്ത്യയുടെ നിര്‍ണായക പരമ്പര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പരയ്ക്ക് വേണ്ടി തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഷമി ബംഗാളിന് വേണ്ടി രഞ്ജി കളിക്കാന്‍ തീരുമാനിച്ചത്.
മത്സരത്തില്‍ ഷമിക്ക് പുറമെ സൂരജ് സിന്ധു ജെയ്‌സ്വാള്‍, മുഹമ്മദ് കൈഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രോഹിത് കുമാര്‍ ഒരു വിക്കറ്റും ബംഗാളിന് വേണ്ടി നേടി. ആദ്യ ഇന്നിങസിലെ ബാറ്റിങ്ങില്‍ ബംഗാളിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചെവെച്ചത് ഷെഹ്ബാസ് ആണ്. 80 പന്തില്‍ നിന്ന് 92 റണ്‍സാണ് താരം നേടിയത്.
താരത്തിന് പുറമെ ക്യാപ്റ്റന്‍ അനുസ്തുപ് മജൂന്താര്‍ 44 റണ്‍സും നേടി ടീമിന്‍രെ സ്‌കോര്‍ ഉയര്‍ത്തി. മധ്യപ്രദേശിന് വേണ്ടി രജത് പാടിദാര്‍ 41 റണ്‍സും നേടിയിരുന്നു. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ബംഗാള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Mohammad Shami In Big Comeback In Red Ball