| Tuesday, 9th January 2024, 8:00 am

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം: മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു. 2023 ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം ആയിരുന്നു ബി.സി.സി.ഐ ഷമിയുടെ പേര് ശുപാര്‍ശ ചെയ്തത്.

പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ ഹര്‍ദിക് പാണ്ഡ്യക്ക് മാറിനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് ഷമി ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ശേഷം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. വെറും ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഫൈഫറുകള്‍ അടക്കം 24 വിക്കറ്റുകള്‍ ആണ് താരം നേടിയത്. കൂടാതെ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി ചരിത്ര നേട്ടവും ഷമി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഷമി നേടിയ ഐതിഹാസിക നേട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് പരമോന്നത നേട്ടത്തിന് ശേഷം ഷമി സംസാരിച്ചിരുന്നു.

”ഈ നിമിഷം വിശദീകരിക്കാന്‍ പ്രയാസമാണ്. ‘സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും’ എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കഠിനാധ്വാനത്തിന്റെ ഫലവുമാണ്,” മുഹമ്മദ് ഷമി പി.ടി.ഐയോട് പറഞ്ഞു.

കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ഷമിക്ക് നേരത്തെ നഷ്ടമായിരുന്നു. ഇപ്പോള്‍ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനുള്ള ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും ഷമി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴും ബെംഗളൂരു ക്രിക്കറ്റ് അക്കാദമിയില്‍ പുനരാധിവാസ ക്യാമ്പിലാണ് ഷമി.

വരാനിരിക്കുന്ന ടൂര്‍ണമെന്റിനെക്കുറിച്ചും ഷമി സംസാരിച്ചിരുന്നു. തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുവാന്‍ മുന്‍തൂക്കം കൊടുക്കുമെന്നും താരം പറഞ്ഞു.

‘രണ്ട് വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നതിനാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം. പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകള്‍ ഉണ്ട്. എന്റെ കഴിവുകളെക്കുറിച്ച് എനിക്ക് ആശങ്കയില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 10ന് അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ടി-ട്വന്റി ഹോം പരമ്പര നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഷമി, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നീ താരങ്ങള്‍ കളിക്കുന്നില്ല. ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും പരമ്പരയില്‍ കളിക്കും.

Content Highlight: Mohammad Shami Got Arjuna Award

We use cookies to give you the best possible experience. Learn more