ഇന്ത്യ – പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ചായിരുന്നു 2022 ടി-20 ലോകകപ്പില്‍ മെല്‍ബണിലെ ഗ്രൂപ്പ് ഘട്ട മത്സരം. അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയെന്ന അതികായന്റെ ചിറകിലേറി ഇന്ത്യ വിജയത്തിലേക്ക് പറന്നിറങ്ങുകയായിരുന്നു.
ഓരോ പന്ത് കഴിയുമ്പോഴും ഇന്ത്യ തോല്‍വി മുമ്പില്‍ കണ്ട സാഹചര്യത്തിലാണ് വിരാട് ചെറുത്തുനിന്നതും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മിറാക്കിള്‍ പുറത്തെടുത്തതും.
അന്ന് 53 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 82 റണ്‍സ് വിരാടിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
ഇപ്പോള്‍ ഈ ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് പാക് സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍. വിരാട് കോഹ്‌ലിക്കല്ലാതെ മറ്റാര്‍ക്കും തന്നെ ആ ഇന്നിങ്സ് കളിക്കാന്‍ സാധിക്കില്ലെന്നാണ് റിസ്വാന്‍ അഭിപ്രാപ്പെട്ടത്.
‘2022 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കല്ലാതെ മറ്റാര്‍ക്കും തന്നെ ആ ഇന്നിങ്സ് കളിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് മാത്രമേ ആ മത്സരം വിജയിപ്പിക്കാന്‍ സാധിക്കൂ, മറ്റാര്‍ക്കും അതിന് സാധിക്കില്ല, വിരാട് അത് ചെയ്യുകയും ചെയ്തു,’ റിസ്വാന്‍ പറഞ്ഞു.
വിരാടിന്റെ ഈ ഇന്നിങ്‌സിനെ കുറിച്ച് പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും സംസാരിച്ചിരുന്നു.
‘വിരാട് കോഹ്‌ലിയുടെ 2022 ലോകകപ്പിലെ 82 റണ്‍സിന്റെ ഇന്നിങ്സ്, എന്റെ ക്രിക്കറ്റ് കരിയറില്‍ ഈ ഇന്നിങ്സിനേക്കാള്‍ മികച്ചതൊന്നും വേറെ ഞാന്‍ കണ്ടിട്ടില്ല.
വിരാട് മികച്ചൊരു കളിക്കാരനാണ്. അദ്ദേഹത്തെ പോലുള്ള താരത്തിന് ഇത്തരം ഇന്നിങ്സ് കളിക്കാന്‍ കഴിയും. ആ മത്സരത്തില്‍ ഹാരിസ് റൗഫിന്റെ ഒരു മികച്ച പന്ത് അദ്ദേഹം അവിശ്വസനീയമായ രീതിയിലാണ് സിക്‌സറിന് പറത്തിയത്,’ ഷഹീന്‍ അഫ്രീദി പറഞ്ഞു.
മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും നാല് റണ്‍സ് വീതം നേടി പുറത്തായി. ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ 15 റണ്‍സിന് കൂടാരം കയറിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ട് റണ്‍സിനാണ് വിണത്.
എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയെ ഒപ്പം കൂട്ടി വിരാട് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
അവസാന രണ്ട് ഓവര്‍ വരെ മത്സരം പാകിസ്ഥാന്റെ കൈകളിലായിരുന്നു. എന്നാല്‍ തോല്‍വിയില്‍ നിന്നും വിരാട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 19ാം ഓവര്‍ എറിഞ്ഞ ഹാരിസ് റൗഫിനെയും അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് നവാസിനെയും കരിയറിന്റെ അവസാനം വരെ വേട്ടയാടുന്ന ദുസ്വപ്‌നമായി വിരാട് മാറുകയായിരുന്നു.
മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവര്‍ വരെ ഇന്ത്യക്കും പാകിസ്ഥാനും തുല്യസാധ്യതയായിരുന്നു കല്‍പിച്ചിരുന്നത്.
19.4: വിരാടിന്റെ ബാറ്റില്‍ നിന്നും ഒരു പടുകൂറ്റന്‍ സിക്സര്‍. ബൗണ്ടറി റോപ്പിനടുത്ത് വെച്ച് ഫീല്‍ഡര്‍ ഉയര്‍ന്നുചാടി ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴാവുകയായിരുന്നു.
പാകിസ്ഥാന്റെ നെഞ്ചില്‍ വീണ്ടും ഇടിത്തീ വെട്ടി ആ പന്ത് അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇന്ത്യക്ക് ഫ്രീ ഹിറ്റ്.
19.4: ഫ്രീ ഹിറ്റ് ഡെലിവറി വൈഡ് ആയി. ഒടുവില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ നിന്നും അഞ്ച് റണ്‍സ്
19.4: ഫ്രീ ഹിറ്റ് ഡെലിവറി തുടരുന്നു. മൂന്ന് റണ്‍സ്ബൈ ആയി ഇന്ത്യയുടെ അക്കൗണ്ടിലേക്ക്.
19.5: ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കി നവാസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. വമ്പനടിക്ക് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിന് പിഴയ്ക്കുകയും റിസ്വാന്‍ ദിനേഷ് കാര്‍ത്തിക്കിനെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.
19.6: അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ആര്‍. അശ്വിന്‍ ക്രീസിലേക്ക്. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ കാര്‍ത്തിക്കിനെതിരെ പ്രയോഗിച്ച അതേ തന്ത്രം നവാസ് അശ്വിനെതിരെയും പ്രയോഗിക്കുന്നു. എന്നാല്‍ അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ ക്രിക്കറ്റ് ബ്രെയ്ന്‍ വായിച്ചെടുക്കാന്‍ നവാസിന് സാധിച്ചിരുന്നില്ല. ആ പന്തിനെ വൈഡ് ആകാന്‍ അനുവദിച്ച് അശ്വിന്‍ മത്സരം സമനിലയിലെത്തിച്ചു. വിജയലക്ഷ്യം ഒരു പന്തില്‍ ഒരു റണ്‍സ്.
19.6: ജയിക്കാന്‍ ഒറ്റ റണ്‍സ് മാത്രം ലക്ഷ്യം വെച്ച് അശ്വിന്റെ സിംഗിള്‍. അവസാന പന്തില്‍ നേടിയ സിംഗിളിലൂടെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ഒമ്പത് ഡെലിവറികള്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സും രണ്ട് വിക്കറ്റുമാണ് പിറന്നത്.
അവസാന ഓവര്‍: W, 1, 2, 7NB, 1WD, 3B, W, 1WD,1
Content highlight: Mohammad Rizwan praises Virat Kohli’s innings against Pakistan in 2022 T20 World Cup