പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിലും സന്ദര്‍ശകര്‍ക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നിരുന്നു. ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഫിന്‍ അലന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ 173 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
പാകിസ്ഥാനായി മുന്‍ നായകന്‍ ബാബര്‍ അസവും ഫഖര്‍ സമാനും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മറ്റാര്‍ക്കും തന്നെ പിന്തുണ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാന് രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങേണ്ടി വന്നത്.
മത്സരത്തില്‍ 21 റണ്‍സിന് പാകിസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ താരം മുഹമ്മദ് റിസ്വന്റെ പേരില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് പിറന്നിരുന്നു. പാകിസ്ഥാനായി ടി-20 മത്സരങ്ങളില്‍ പാകിസ്ഥാനായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടമാണ് റിസ്വാന്‍ സ്വന്തമാക്കിയത്.
76 സിക്‌സര്‍ നേടിയ മുഹമ്മദ് ഹഫീസിനെ പിന്തള്ളിയാണ് ഈ റെക്കോഡ് നേട്ടത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.
ന്യൂസിലാന്‍ഡിനെതിരായ ടി-20യില്‍ ഒരു സിക്‌സര്‍ നേടിയതിന് പിന്നാലെയാണ് റിസ്വാനെ തേടി ഈ നേട്ടമെത്തിയത്. ഈ സിക്‌സറടക്കം അഞ്ച് പന്ത് നേരിട്ട് വെറും ഏഴ് റണ്‍സ് മാത്രമാണ് റിസ്വാന്‍ നേടിയത്.
പാകിസ്ഥാന്‍ പരാജയപ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 25 റണ്‍സാണ് റിസ്വാന്‍ നേടിയത്.
ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമായിരിക്കുകയാണ്. പരമ്പര സ്വന്തമാക്കാന്‍ ഷഹീനിനും സംഘത്തിനും ഇനിയുള്ള മൂന്ന് മത്സരവും വിജയിക്കണം.