| Tuesday, 14th May 2024, 8:57 pm

അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചു, ഏറെ ബഹുമാനം; തന്നെ സ്വാധീനിച്ച ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് പാകിസ്ഥാന്‍ ബ്രഹ്‌മാസ്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ അയര്‍ലന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരം ഡബ്ലിനില്‍ നടക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകരെ ഞെട്ടിച്ച് അയര്‍ലാന്‍ഡ് വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഒപ്പമെത്തി.

രണ്ടാം മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ലോര്‍ക്കന്‍ ടക്കറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 193 റണ്‍സാണ് ഐറിഷ് പട നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഫഖര്‍ സമാന്റെയും മുഹമ്മദ് റിസ്വാന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കി. ഫഖര്‍ സമാന്‍ 40 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ 46 പന്തില്‍ പുറത്താകാതെ 75 റണ്‍സാണ് റിസ്വാന്‍ സ്വന്തമാക്കിയത്.

മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും റിസ്വാനെയായിരുന്നു.

മത്സരശേഷം മുഹമ്മദ് റിസ്വാന്‍ വിരാട് കോഹ്‌ലിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ വിരാട് കോഹ്‌ലിക്കും താങ്കള്‍ക്കും മാത്രമാണല്ലോ 50ന് മുകളില്‍ ശരാശരിയുള്ളത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റിസ്വാന്‍.

‘എനിക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനമുണ്ട്. അദ്ദേഹം വളരെ മികച്ച താരമാണ്. അദ്ദേഹത്തില്‍ നിന്നും എനിക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ചു,’ റിസ്വാന്‍ പറഞ്ഞു.

അന്താരാഷ്ട്ര ടി-20യില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുക്കുന്നത്. 51.75 ശരാശരിയിലും 138.15 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 4,037 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം. 37 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ വിരാടിന്റെ പേരിലുള്ളത്.

95 മത്സരത്തിലെ 82 ഇന്നിങ്‌സില്‍ നിന്നുമായി 50.38 ശരാശരിയിലും 127.92 സട്രൈക്ക് റേറ്റിലും 3,124 റണ്‍സാണ് റിസ്വാന്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്.

Content Highlight: Mohammad Rizwan about Virat Kohli

We use cookies to give you the best possible experience. Learn more