പത്തനംതിട്ട: റോഡ് നിര്‍മാണത്തില്‍ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്ന വാര്‍ത്തയോട് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇതെന്ന് റിയാസ് പറഞ്ഞു.
ചില തെറ്റായ പ്രവണതകള്‍ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ടെന്നും അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും റയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ റോഡ് പണിയുടെ ഭാഗമായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാര്‍ത്തയാണ്. മനസ്സില്‍ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്.
പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണം നടത്തുന്നവരുണ്ട്.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു.
ചില തെറ്റായ പ്രവണതകള്‍ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ അഭിപ്രായങ്ങള്‍ തുടര്‍ന്നും ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ മുഹമ്മദ് റിയാസ് പറഞ്ഞു.
പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്ത് പരിധിയിലാണ് കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്ന ആരോപണമുണ്ടായത്. റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച തൂണുകളുടെ ഉള്ളിലാണ് കമ്പിക്ക് പകരം തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ചത്. ഇതോടെ റോഡ് നിര്‍മാണം നാട്ടുകാര്‍ തടസപ്പെടുത്തിയിരുന്നു.
Content Highlight: Mohammad Riys has responded to the news that wooden pieces were used instead of wire in road construction