തലശ്ശേരി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതവര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പോരാട്ടം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ എങ്ങനെ വിശ്വസിച്ച് നില്‍ക്കുമെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു.
കെ. സുധാകരന്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്ന കെ.പി.സി.സി അധ്യക്ഷനാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തനിക്ക് നാളെ ബി.ജെ.പിയില്‍ പോകേണ്ടി വന്നാല്‍ അതപ്പോള്‍ ചിന്തിക്കാമെന്ന് പറഞ്ഞ മഹാനാണ് കെ. സുധാകരനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നിന്ന് ഒരു നേതാവ് ബി.ജെ.പിയിലേക്ക് പോയാല്‍ കെ. സുധാകരന് വിഷമമുണ്ടാകില്ല. വികാരത്തോടെ ഒരു നിലപാട് അദ്ദേഹം പറയില്ലെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍.എസ്.എസ് നേതാവ് ഗോള്‍വള്‍ക്കറുടെ ഫോട്ടോയ്ക്ക് മുമ്പില്‍ കുനിഞ്ഞ് നിന്ന് കണ്ണീര്‍ വാര്‍ത്ത മനുഷ്യനാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോകുന്നതുകൊണ്ട് അദ്ദേഹം വികാരഭരിതനാകുന്നത് കണ്ടിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
എന്നാല്‍ ഡോ. പി. സരിന്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരുനേതാക്കളും പ്രതികരിച്ചു. ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്.
കോണ്‍ഗ്രസില്‍ നിന്ന് എത്രയോ നേതാക്കള്‍ ബി.ജെ.പിലേക്ക് പോയിരിക്കുന്നു. അവരെ കുറിച്ചെല്ലാം കെ. സുധാകരന്‍ ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ടോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
സി.പി.ഐ.എമ്മിലേക്ക് വരുന്ന സരിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തിഹത്യ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോട് ചേര്‍ന്ന നേതാക്കള്‍ പ്രാണികളാണെങ്കില്‍, ഇനി പ്രാണികളുടെ ഘോഷയാത്രയിരിക്കും സംസ്ഥാനം കാണുക.
കോണ്‍ഗ്രസില്‍ നിരവധി പേര് അസംത്യപ്തരാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബി.ജെ.പിക്കെതിരെയും മതവര്‍ഗീയ രാഷ്ട്രീയ സംഘടനകള്‍ക്കെതിരെ പോരാടാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെ കോണ്‍ഗ്രസില്‍ നില്‍ക്കുമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
Content Highlight: Mohammad Riyas said how can those who want to fight against communal political movements believe in Congress