2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയാണ്. ഇതോടെ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്.
പക്ഷെ 2024 ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയായിരുന്നു. ഇതോടെ മോശം പ്രകടനത്തിന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും സംഘത്തിനും വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശേഷം ടീമില്‍ ഐക്യമില്ലായിരുന്നു എന്ന് പാക് താരങ്ങള്‍ പറഞ്ഞിരുന്നു. ഇതോടെ പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.
‘ഞങ്ങളുടെ ടീം നേരിടുന്ന വിമര്‍ശനം ന്യായമാണ്, പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. എല്ലാ വിമര്‍ശനങ്ങള്‍ക്കും ഞങ്ങള്‍ അര്‍ഹരാണ്,’മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.
ടി-20 ലോകകപ്പിന് മുന്നോടിയായി ഷഹീന്‍ അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റന്‍ റോളില്‍ എത്തിക്കുകയായിരുന്നു പാകിസ്ഥാന്‍. ശേഷം ലോകകപ്പില്‍ അസോസിയേറ്റ് ടീമായ അമേരിക്കയോട് വരെ പാകിസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.
അതേസമയം ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരിച്ച് വരാനാണ് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്യുന്നത്.
എന്നാല്‍ ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ മത്സരത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനാല്‍ ഫൈനല്‍ ഷെഡ്യൂള്‍ വൈകുകയാണ്. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ലാഹോറില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ പാകിസ്ഥാനില്‍ പോകില്ല എന്ന നിലപാട് എടുക്കുകയായിരുന്നു.
Content Highlight: Mohammad Riswan Pakistans Lose In T20 World Cup