| Saturday, 5th October 2019, 3:03 pm

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വിരമിക്കല്‍ മരണമാക്കിയെടുത്ത് ട്വീറ്റ് ചെയ്തവര്‍ക്ക് ക്രിക്കറ്റ് താരത്തിന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

കാബുള്‍: താന്‍ മരിച്ചെന്ന രീതിയില്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നടക്കുന്നതിനെതിരെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബി രംഗത്ത്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വാര്‍ത്ത വ്യാജമാണെന്നു തെളിയിക്കാനുള്ള ചില ചിത്രങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.

പ്രാദേശിക ക്രിക്കറ്റ് ലീഗില്‍ മിസ്-ഇ-ഐനക് നൈറ്റ്‌സ് ടീമും ബോസ്റ്റ് ഡിഫന്‍ഡേഴ്‌സ് ടീമും തമ്മിലുള്ള പരിശീലന മത്സരത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. ഈ ചിത്രങ്ങളില്‍ നബി കളിക്കുന്നതും കാണാം.

ഹൃദയാഘാതം മൂലം നബി മരിച്ചെന്ന പ്രചരണമായിരുന്നു ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്ത വ്യാജമാണെന്നും തനിക്കു സുഖമാണെന്നും വിശദീകരിച്ചുകൊണ്ടായിരുന്നു നബിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റോടെ നബി ടെസ്റ്റ് ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു. എന്നാല്‍ ഏകദിനവും ട്വന്റി20-യും കളിക്കുമെന്നും അറിയിച്ചിരുന്നു.

2017-ല്‍ ടെസ്റ്റ് കളിക്കാനുള്ള അനുമതി ലഭിച്ചതിനു ശേഷം അഫ്ഗാന്‍ ആകെ കളിച്ചത് മൂന്ന് ടെസ്റ്റുകളാണ്. അതില്‍ മൂന്നിലും നബി ഭാഗമായിരുന്നു.

എന്നാല്‍ ആറിന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റും 33 റണ്‍സും എടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ശ്രദ്ധിക്കത്തക പ്രകടനമൊന്നും പുറത്തെടുക്കാനാവാതെ വന്നപ്പോഴാണ് അദ്ദേഹം വിരമിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ 34-കാരനായ നബി കളിച്ച 121 ഏകദിനങ്ങളില്‍ നിന്നായി 2,699 റണ്‍സും 128 വിക്കറ്റും നേടി. 70 ട്വന്റി20-കളില്‍ നിന്നായി 1,283 റണ്‍സും 69 വിക്കറ്റും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more