അഫ്ഗാനിസ്ഥാന്‍-സൗത്ത് ആഫ്രിക്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ചരിത്രവിജയം. സൗത്ത് ആഫ്രിക്കയെ ആറ് വിക്കറ്റുകള്‍ക്കാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള അഫ്ഗാന്റെ ആദ്യ വിജയം കൂടിയാണിത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 33.3 ഓവറില്‍ 106 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 26 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
History in Sharjah! 🚩#AfghanAtalan have delivered a stellar performance to defeat South Africa for the first time in international cricket and take the 1st match of the ongoing ODI series.
ഈ വിജയത്തിന് പിന്നാലെ ഒരു സ്വപ്നതുല്യമായ നേട്ടമാണ് അഫ്ഗാനിസ്ഥാന്റെ വെറ്ററന്‍ താരം മുഹമ്മദ് നബി സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 46 വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ വിജയം സ്വന്തമാക്കാനാണ് നബിക്ക് സാധിച്ചത്.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യു.എസ്.എ. ഭൂട്ടാന്‍, മാലിദീപ്‌സ്, ബാര്‍ബഡോസ്, ഉഗാണ്ട, ബെര്‍മൂഡ, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, നമീബിയ, നെതര്‍ലാന്‍ഡ്സ്, കാനഡ, കെനിയ, ഹോങ്കോങ്, യു.എ.ഇ, സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ബഹ്‌റിന്‍, മലേഷ്യ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, തായ്ലാന്‍ഡ്, ജപ്പാന്‍, ബഹാമസ്, ബോട്‌സ്വാന, ജേഴ്‌സി, ഫിജി, ടാന്‍സാനിയ, ഇറ്റലി, അര്‍ജന്റീന, പപ്പുവ ന്യൂ ഗ്വിനിയ, കേമാന്‍ ഐസ്ലാന്‍ഡ്സ്, ഒമാന്‍, ചൈന, സിംഗപ്പൂര്‍, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് നബി വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അഫ്ഗാന്‍ ബൗളര്‍മാര്‍ സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. പവര്‍പ്ലേ പിന്നിടുമ്പോള്‍ 36 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക തകര്‍ന്നടിഞ്ഞത്.
എന്നാല്‍ പിന്നീട് അര്‍ധസെഞ്ച്വറി നേടിയ വ്‌ലാന്‍ മള്‍ഡറിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക ടീം സ്‌കോര്‍ 100 കടത്തിയത്. 84 പന്തില്‍ 52 റണ്‍സാണ് മള്‍ഡര്‍ നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
അഫ്ഗാന്റെ ബൗളിങ്ങില്‍ ഫസല്‍ഹഖ് ഫാറൂഖി നാല് വിക്കറ്റും അല്ലാഹു ഗസന്‍ഫര്‍ മൂന്ന് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ ഗുല്‍ബാദിന്‍ നായിബ് 27 പന്തില്‍ പുറത്താവാതെ 34 റണ്‍സും അസ്മത്തുള്ള ഒമര്‍സായി 36 പന്തില്‍ പുറത്താവാതെ 25 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ജോര്‍ണ്‍ ഫോര്‍ചൂയിന്‍ രണ്ട് വിക്കറ്റും ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അഫ്ഗാനിസ്ഥാന് സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Mohammad Nabi has now won an international match against 46 different countries