| Thursday, 15th February 2024, 7:55 am

അവസാനിപ്പിച്ചത് ഷാകിബിന്റെ അഞ്ച് വര്‍ഷത്തെ തേര്‍വാഴ്ച; ഇനി മുഴങ്ങിക്കേള്‍ക്കുക നബിയുടെ ഗര്‍ജനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി അഫ്ഗാന്‍ സൂപ്പര്‍ താരം മുഹമ്മദ് നബി. ശ്രീലങ്കക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് നബി ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്.

314 എന്ന മികച്ച റേറ്റിങ്ങോടെയാണ് മുഹമ്മദ് നബി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസനെ മറികടന്നുകൊണ്ടായിരുന്നു നബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതോടെ പല റെക്കോഡ് നേട്ടങ്ങളും മുഹമ്മദ് നബിയെ തേടിയെത്തി.

മുന്‍ ബംഗ്ലാ നായകന്റെ അഞ്ച് വര്‍ഷം നീണ്ട റെക്കോഡ് നേട്ടത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. 2019 മെയ് ഏഴിന് അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഇതാദ്യമായാണ് ഷാകിബിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.

1,739 ദിവസമാണ് ഷാകിബ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. ഐ.സി.സി ഏകദിന ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഏറ്റവുമധികം ദിവസം തുടര്‍ന്നതിന്റെ റെക്കോഡും ഷാകിബിന്റെ പേരിലായിരുന്നു. ഇവയെല്ലാം ഒറ്റയടിക്ക് അവസാനിപ്പിച്ചാണ് നബി ഒന്നാമതെത്തിയിരിക്കുന്നത്.

(ഐ.സി.സി ഏകദിന ഓള്‍ റൗണ്ടര്‍മാരുടെ റാങ്ക് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഇതിന് പുറമെ ഐ.സി.സി ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ താരം എന്ന നേട്ടവും അഫ്ഗാന്‍ വെറ്ററന്‍ താരം സ്വന്തമാക്കി. 39 വയസും ഒരു മാസവും പ്രായമുണ്ടായിരിക്കവെയാണ് നബി ഈ ഐതിഹാസിക നേട്ടത്തിലെത്തുന്നത്.

ലങ്കന്‍ ലെജന്‍ഡ് തിലകരത്‌നെ ദില്‍ഷനെ മറികടന്നാണ് ഈ റെക്കോഡ് നബി സ്വന്തമാക്കിയത്. 2015ല്‍ ഐ.സി.സി ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുമ്പോള്‍ 38 വയസും എട്ട് മാസവുമായിരുന്നു ദില്‍ഷന്റെ പ്രായം.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് നബിയെ തേടി ഈ നേട്ടമെത്തിയത്. മത്സരത്തില്‍ 130 പന്തില്‍ 136 റണ്‍സാണ് നബി തന്റെ പേരില്‍ കുറിച്ചത്. 15 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതിന് പുറമെ ബൗളിങ്ങിലും മികച്ച പ്രകടനമാണ് നബി കാഴ്ചവെച്ചത്. പത്ത് ഓവറില്‍ വെറും 44 റണ്‍സാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റും നേടിയിരുന്നു.

അതേസമയം, ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ബാബര്‍ അസമാണ് ഒന്നാമത്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ യഥാക്രമം ഇന്ത്യയുടെ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലാണ് അഞ്ചാമന്‍.

(ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 716 എന്ന റേറ്റിങ്ങോടെയാണ് താരം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

റാങ്കിങ്ങിന്റെ ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഓസീസ് താരങ്ങളായ ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നിവര്‍ സ്ഥാനം പിടിച്ചപ്പോള്‍ നാലാം സ്ഥാനത്ത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ മുഹമ്മദ് നബി (7), കുല്‍ദീപ് യാദവ് (9) ട്രെന്റ് ബോള്‍ട്ട് (10) എന്നിവരും ഓരോ റാങ്ക് മുകളിലേക്ക് കയറി.

ലങ്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക ലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്ക എന്നവിരാണ് രാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങള്‍. ഹസരങ്ക 14 സ്ഥാനം മെച്ചപ്പെടുത്തി 26ാം റാങ്കിലെത്തിയപ്പോള്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ മധുശങ്ക 33ാം റാങ്കിലുമെത്തി.

(ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

Content highlight: Mohammad Nabi dethrones Shakib Al Hassan in ICC ODI all rounder’s ranking

We use cookies to give you the best possible experience. Learn more