| Monday, 20th May 2024, 11:36 am

മുഹമ്മദ് മൊഖബര്‍ ഇറാനില്‍ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പ്രസിഡന്റിന്റെ ചുമതലകള്‍ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖബര്‍ നിര്‍വഹിക്കും. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനൈനിയുടെ അനുമതിയോടെ ഉടന്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ ഭരണഘടന അനുസരിച്ച്, പ്രസിഡന്റ് മരണപ്പെടുകയോ, കഴിവില്ലായ്മ കാരണം സ്ഥാനത്ത് നിന്ന് മാറുകയോ ചെയ്താല്‍ 50 ദിവസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ആദ്യത്തെ വൈസ് പ്രസിഡന്റ് പ്രസിഡന്റായി ചുമതലയേല്‍ക്കണമെന്നാണ്. അപ്രകാരമാണ് മുഹമ്മദ് മുഖ്ബര്‍ പുതിയ പ്രസിഡിന്റെ ചുമതല നിര്‍വഹിക്കുക. 2021ല്‍ ഇബ്രാഹിം റഈസി അധികാരമേറ്റ ഉടന്‍ തന്നെ തന്റെ ആദ്യ വൈസ് പ്രസിഡന്റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചിരുന്നു.

വൈസ് പ്രസിഡന്റാകുന്നതിന് മുമ്പ് ആയത്തുള്ള ഖമനൈനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ സെറ്റാഡ് എന്ന സംഘടനയുടെ തലവനായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഈ സംഘടനയാണ് ഇറാന്റെ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. കൊവിറാന്‍ ബരാകത് എന്ന് പേരിട്ടിരുന്ന ഈ വാക്‌സിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയും ഉള്‍പ്പടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇറാന്‍-അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റര്‍ അപടകത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തില്‍ ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. മറ്റു രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി പറന്നു.

വിദേശ കാര്യമന്ത്രി ഹുസൈന്‍ അമീറബ്ദുല്ലഹ്‌യാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മിലിക് റഹ്മത്തി, അയത്തുള്ള അലി ഖമനൈനിയുടെ പ്രതിനിധി ആയത്തുള്ള മുഹമ്മദ് അലി ആലു ഹാഷി എന്നിവരാണ് റഈസിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ വര്‍സഖാന്‍, ജോല്‍ഫ നഗരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ദിസ്മര്‍ വനത്തിലാണ് അപകടം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പ്രദേശം.

content highlights: Mohammad Mokhabar will perform the duties of the President in Iran

We use cookies to give you the best possible experience. Learn more