സമ്മര്‍ദത്തില്‍ നിന്ന് പുറത്ത് വരാന്‍ അവന്‍ ക്യാപ്റ്റന്‍സി ഒഴിയണം; മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍
Sports News
സമ്മര്‍ദത്തില്‍ നിന്ന് പുറത്ത് വരാന്‍ അവന്‍ ക്യാപ്റ്റന്‍സി ഒഴിയണം; മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 5:25 pm

കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റില്‍ വളരെ മോശം പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവെക്കുന്നത്. ഇതോടെ പല മുന്‍ താരങ്ങളും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക്ക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്.

ക്യാപ്റ്റന്‍സി ബാബറിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അതിനാല്‍ ആംബാന്‍ഡ് അഴിച്ച് വെച്ച് ക്യാപ്റ്റന്‍സിയില്‍ നിന്ന് ബാബര്‍ സ്വയം മോചിതനാകണമെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.

‘അവന്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നതായി തോന്നുന്നു. നായകസ്ഥാനം ഒഴിയാന്‍ അവന്‍ നിര്‍ബന്ധിതനായി. മനസ് ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍, അത് മറ്റെല്ലാ കാര്യങ്ങളെയും ബാധിക്കുന്നു.

അദ്ദേഹം നായകസ്ഥാനം ഉപേക്ഷിച്ച് സമ്മര്‍ദത്തില്‍ നിന്ന് സ്വയം മോചിതനാകണം. പരാജയങ്ങള്‍ക്ക് കാരണം മാനസിക പിരിമുറുക്കമാണ്, സാങ്കേതിക പോരായ്മകളല്ല, മാനസിക സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നില്ല എന്നത് വ്യക്തമാണ്,’ലത്തീഫ് പാക്പാഷന്‍ നെറ്റിനോട് പറഞ്ഞു.

2023ലെ ഏകദിന ലോകകപ്പില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച് പാകിസ്ഥാനെ നയിച്ചത് ബാബര്‍ ആയിരുന്നു. ഇതോടെ ബാബറിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. 2024ലെ ടി-20 ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താകുകയായിരുന്നു.

അടുത്തിടെ പാകിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെയും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് ടീം നേടിയത്.

 

Content Highlight: Mohammad Latif Talking About Babar Azam